ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കുരുക്ക് മുറുകുന്നു; പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് വിദഗ്ധ സംഘങ്ങള്‍

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് കുരുക്കായി മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്നാണ് സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങള്‍ റിപ്പോര്‍ട്ട് കൈമാറിയത്.

പ്രതി നിരവധി തവണ തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിന്റെ പുറത്താണു കൊലപാതകം നടത്തിയതെന്നും കാണിച്ച് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. പിന്നാലെയാണ് മാനസികാരോഗ്യ പരിശോധനയ്ക്കും പ്രതിയെ വിധേയനാക്കിയത്. സന്ദീപിന് യാതൊരു മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടര്‍മാരുടെ സംഘം പരിശോധനയില്‍ കണ്ടെത്തിയിരിക്കുകയാണ്.

ആദ്യം പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സന്ദീപിനു മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഈ പരിശോധനയും തെളിയിച്ചത്.

also read- ഗോഡ്‌സേയെ പ്രകീര്‍ത്തിച്ച അധ്യാപികയെ ചോദ്യം ചെയ്ത് പോലീസ്; 13 ന് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണം; അറസ്റ്റ് പിന്നീട് തീരുമാനിക്കും

മാനസിക പ്രശ്‌നമുണ്ടെന്ന മറവില്‍ കേസില്‍ നിന്നും ഊരാന്‍ ശ്രമിക്കുന്ന പ്രതിക്ക് ഇതോടെ കുരുക്ക് മുറുകിയിരിക്കുകയാണ്. ഹൈക്കോടതി നേരത്തെ സന്ദീപിന്റെ ജാമ്യാപേക്ഷയും തള്ളിയിരുന്നു. അതേസമയം, പ്രതി ജയിലില്‍ കിടന്നുകൊണ്ട് തന്നെ അധ്യാപക ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ അപ്പീല്‍ നല്‍കി ഉത്തരവു പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഓയൂരില്‍ കുട്ടിയ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പത്മകുമാറിനൊപ്പമാണ് സന്ദീപിനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മറ്റു പ്രതികള്‍ ഇവരെ ആക്രമിച്ചേക്കാന്‍ സാധ്യത ഉള്ളതിനാലാണു പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷ വിഭാഗത്തില്‍ രണ്ടുപ്രതികള്‍ക്കും പ്രത്യേക നിരീക്ഷണ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Exit mobile version