ക്ഷേത്രത്തിൽ എത്തുന്നത് വീഡിയോയും റീൽസും പകർത്താൻ; ഒടുവിൽ കേദാർനാഥ്, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ പരിസരത്ത് മൊബൈലിന് നിരോധനം

ജനസുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ വീഡിയോയും റീൽസും പകർത്തുന്നവരുടെ എണ്ണം ചാർധാം ക്ഷേത്ര പരിസരത്ത് വർധിച്ചതോടെ കടുത്ത നടപടിയുമായി സർക്കാർ. ചാർ ധാം ക്ഷേത്രങ്ങൾക്ക് 200 മീറ്റർ ചുറ്റളവിൽ മൊബൈൽ ഫോണുകൾക്ക് ഉത്തരാഖണ്ഡ് സർക്കാർ നിരോധനം ഏർപ്പെടുത്തി.

കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ ചുറ്റുമുള്ള പരിസരത്താണ് മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പങ്കെടുത്ത ചാർധാം യാത്രയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

ചാർധാം ക്ഷേത്രങ്ങളിലേക്ക വിനോദസഞ്ചാരികൾ ധാരാളമായി എത്തുകയും വഴികൾ ബ്ലോക്ക് ചെയ്യുന്ന തരത്തിലും മറ്റും വീഡിയോകളും റീലുകളും ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൊബൈൽ ഉപയോഗം വിലക്കാൻ അധികൃതർ തീരുമാനിച്ചത്.

വിനോദസഞ്ചാരികൾ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിൽ സെൽഫികൾ എടുക്കുന്നതും വീഡിയോകൾ ചിത്രീകരിക്കുന്നതും കാരണം കടുത്ത തിരക്ക് അനുഭവപ്പെടുകയും ണിക്കൂറുകളോളം ഭക്തർ വഴിയിൽ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ALSO READ- വയനാടിന്റെ മുഴുവൻ സൗന്ദര്യവും പകർത്തി ഒരു വൈറൽ ഫോട്ടോഷൂട്ട്; ആതിര പകർത്തിയ ശരണ്യയുടെ മചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ക്ഷേത്രങ്ങളുടെ പരിപാവനത കാത്തുസൂക്ഷിക്കുന്നതിനും വീഡിയോ ചിത്രീകരണം മൂലം തീർഥാടകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് വിശദീകരണം. കൂടാതെ, ചാർ ധാം തീർഥാടന പാതകളിലേക്ക് രജിസ്റ്റർ ചെയ്ത വാഹനങ്ങളെ മാത്രമേ പ്രവേശിപ്പിക്കുവെന്നും അധികൃതർ വ്യക്തമാക്കി.

നിലവിൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലാണ് തീർഥാടകരുടെ പ്രവാഹം. തീർഥാടകരുടെ എണ്ണം നിയന്ത്രണാതീതമായത് ദുരന്തനിവാരണ പ്രവർത്തകരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ് സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാത്തവരെ ചെക്ക് പോയിന്റിലൂടെ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

Exit mobile version