ഭാര്യയെ വിറക് കൊള്ളി കൊണ്ട് അടിച്ചുകൊന്നു, നിരന്തര കലഹത്തിന് അറുതി വരുത്താനെന്ന് ഭര്‍ത്താവ്, അറസ്റ്റില്‍

murder | bignewslive

പാലക്കാട്: പാലക്കാട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശിനി വേശുക്കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വേലായുധനെ കോട്ടായി പൊലീസെത്തി അറസ്റ്റ് ചെയ്തു.

കുടുംബ വഴക്കിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ വേലായുധന്‍ വിവരം ബന്ധുവിനെ വിളിച്ചറിയിച്ചിരുന്നു.

ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ദമ്പതികള്‍ തമ്മില്‍ പലപ്പോഴും വഴക്കുണ്ടാവാറുണ്ടായിരുന്നു. ശനിയാഴ്ച വഴക്കിന് പിന്നാലെ വേലായുധന്‍ വേശുക്കുട്ടിയെ റൂമിലെത്തി വിറക് കൊള്ളി കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു.

ശേഷം മറ്റൊരു മുറിയില്‍ കയറി വാതിലടച്ച് കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോള്‍ ചലനമറ്റ് കിടക്കുന്ന ഭാര്യയെയാണ് വേലായുധന്‍ കണ്ടത്. തുടര്‍ന്ന് വിവരം ബന്ധുവിനോട് നേരിട്ട് പറയുകയായിരുന്നു.

ബന്ധുക്കള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി വേലായുധനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.നിരന്തര കലഹത്തിന് അറുതി വരുത്താന്‍ ചെയ്ത കൊലയെന്നാണ് വേലായുധന്റെ മൊഴി.

Exit mobile version