‘കേന്ദ്രത്തിനെതിരെ നാട് മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ ചലച്ചിത്ര നടന്മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല’; ദേശീയ പണിമുടക്കിന് പിന്തുണയുമായി ഇന്ദ്രന്‍സും ജഗദീഷും

കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കിന് പിന്തുണയുമായി ചലച്ചിത്രനടന്മാരായ ജഗദീഷും ഇന്ദ്രന്‍സും രംഗത്ത്. കോഴിക്കോട് കൊട്ടുമ്മലില്‍ നടന്ന പ്രകടനത്തെ ലൊക്കേഷനില്‍ നിന്ന് ഇറങ്ങിവന്നാണ് ഇരുവരും അഭിവാദ്യം ചെയ്തത്. മുന്ന എന്ന മലയാളം ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും.

‘കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാട് മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ ചലച്ചിത്ര നടന്മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല’ എന്ന് ജഗദീഷ് പറഞ്ഞു.

നവലിബറല്‍ നയങ്ങള്‍ മൂലം പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, ആരും നിര്‍ബന്ധിച്ചതുകൊണ്ടല്ല, സ്വയം ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇറങ്ങി വന്നതെന്നും ജഗദീഷ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 48 മണിക്കൂര്‍ രാജ്യവ്യാപകമായി സംയുക്തട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസത്തിലാണ്. തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസ വരുമാനം 18000 രൂപയാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്.

Exit mobile version