ഹര്‍ത്താല്‍ ആക്രമണത്തില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റില്‍; ആഹ്വാനം ചെയ്ത നേതാക്കള്‍ക്ക് മിണ്ടാട്ടവുമില്ല; നേതൃത്വത്തിനെതിരെ തിരിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ നേതൃത്വം തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. സംഘപ്രവര്‍ത്തകര്‍ കൂട്ടത്തോടെ പോലീസ് പിടിയിലായിട്ടും പ്രതികരിക്കാന്‍ പോലും നേതാക്കള്‍ തയ്യാറായിട്ടില്ലെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആക്ഷേപം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍പോലും തയാറാകാതെ പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.

പോലീസ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കല്ലാതെ എത്രപേര്‍ കസ്റ്റഡിയിലുണ്ടെന്ന വിവരം പോലും നേതൃത്വത്തിന് ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. സംഘപരിവാര്‍ അനുകൂലികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഇനിമുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിളിക്കണ്ട എന്നു പറഞ്ഞുള്ള സന്ദേശങ്ങള്‍വരെ ഗ്രൂപ്പുകളില്‍ വരുന്നുണ്ടെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റിലായവരുടെ ജാമ്യത്തിന്റെ കാര്യത്തിലും നേതൃത്വം നിസംഗത പുലര്‍ത്തുകയാണെന്നും ആരോപണമുണ്ട്.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭയവും നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ട്.

Exit mobile version