അയ്യപ്പൻ വിളക്കിന് പതിവുതെറ്റിക്കാതെ എത്തി പാണക്കാട് തങ്ങൾ കുടുംബം; അന്നദാനത്തിലും പങ്കാളികളായി റഷീദലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും

വേങ്ങര: മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി ഇത്തവണത്തേയും കച്ചേരിപ്പടി തളി ശിവക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് ആഘോഷം. അഖില ഭാരത അയ്യപ്പ സേവാ സംഘം തളി ശാഖ നടത്തുന്ന ഗുരു താമസ്വാമി സ്മാരക അയ്യപ്പൻ വിളക്കിന് ഇത്തവണയും പതിവ് തെറ്റിക്കാതെ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ നിന്നും തങ്ങളെത്തി.

മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് ഉത്സവത്തിന് പാണക്കാട്ടെ പ്രതിനിധിയായി ക്ഷേത്രത്തിലെത്തി ചടങ്ങിൽ പങ്കെടുത്തത്. ക്ഷേത്ര ഭാരവാഹികളായ പറാട്ട് മണികണ്ഠൻ, ഇടത്തിൽ ശശിധരൻ, കെ പത്മനാഭൻ, സുരേഷ് കടവത്ത്, ചിറയിൽ ബാബു, വിവേക് പറാട്ട്, മനോജ് ഇടത്തിൽ, ദാമോദരൻ പനയ്ക്കൽ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.

കഴിഞ്ഞ 17 ദേശ വിളക്കിനും മുടങ്ങാതെ പാണക്കാട്ട് നിന്ന് പ്രതിനിധികൾ എത്താറുണ്ടെന്നത് ശ്രദ്ധേയമാണ്. മുസ്ലിം ലീഗിലെ മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ക്ഷേത്രത്തിലെത്തിയ തങ്ങൾ ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തിൽ അയ്യപ്പ ഭക്തൻമാർക്കൊപ്പമിരുന്ന് ഭക്ഷണവു കഴിച്ചു. ഉച്ചയ്ക്കുശേഷം നടക്കുന്ന അയ്യപ്പൻ വിളക്കിന്റെ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്താണ് മടങ്ങിയത്.

ALSO READ- തിരഞ്ഞെടുപ്പ് ഫലം ദൗർഭാഗ്യകരം; തമ്മിലടി കോൺഗ്രസിന് തിരിച്ചടി; പല കോൺഗ്രസ് നേതാക്കളും ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാർ: വിമർശിച്ച് മന്ത്രി റിയാസ്

സബാഹ് കുണ്ടുപുഴയ്ക്കൽ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീനാ ഫസൽ, വൈസ് പ്രസിഡൻറ് ടി കെ പൂച്ച്യാപ്പു തുടങ്ങി നാനാമേഖലകളിൽപ്പെട്ടവർ ക്ഷേത്രത്തിലൊരുക്കിയ സമൂഹ അന്നദാനത്തിൽ പങ്കെടുത്തു.

ശനിയാഴ്ച പുലർച്ചെ ഗണപതി ഹോമത്തോടെ തുടങ്ങിയ ഉത്സവ ചടങ്ങുകൾ ഞായറാഴ്ച പുലർച്ചെ ആറിന് ഗുരുതി തർപ്പണത്തോടെയാണ് സമാപിച്ചത്.

Exit mobile version