തിരഞ്ഞെടുപ്പ് ഫലം ദൗർഭാഗ്യകരം; തമ്മിലടി കോൺഗ്രസിന് തിരിച്ചടി; പല കോൺഗ്രസ് നേതാക്കളും ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാർ: വിമർശിച്ച് മന്ത്രി റിയാസ്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ദൗർഭാഗ്യകരമായ തിരഞ്ഞെടുപ്പ് ഫലമായിപ്പോയെന്ന് മന്ത്രി പ്രതികരിച്ചു. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി നേതാക്കൾ പ്രവർത്തിക്കുന്നു എന്നതാണ് ഇന്ന് കോൺഗ്രസ് പാർട്ടി നേരിടുന്ന പ്രശ്നമെന്ന് ചിറ്റൂരിൽ മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചു.

ഭരിക്കുന്ന സംസ്ഥാനങ്ങളിൽപോലും ബിജെപിക്കെതിരെ ശരിയായ അർത്ഥത്തിൽ പോരാട്ടം നയിക്കാൻ കോൺഗ്രസ്സിന് കഴിയുന്നില്ലെന്നും ദൗർഭാഗ്യകരമാണ് കോൺഗ്രസിന്റെ അവസ്ഥയെന്നും റിയാസ് പറഞ്ഞു. തമ്മിലടി കോൺഗ്രസിൽ പ്രധാന പ്രശ്നമാണ്. ഒപ്പം നിൽക്കുന്ന മത നിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണ് കോൺഗസ് നേതൃത്വത്തിലെ പലരും. വ്യക്തിഗത നേട്ടങ്ങൾക്കുവേണ്ടി കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ നയങ്ങളെ എതിർക്കാതിരിക്കുന്ന കാഴ്ച്ചയാണ് രാജസ്ഥാനിൽ ഉൾപ്പെടെ കാണുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നവ ഉദാരവൽക്കരണ നയങ്ങൾ പിന്തുടർന്ന് ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചത് സർക്കാരിന്റെ മികച്ച ഭരണം മൂലമാണ് എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി പ്രകീർത്തിച്ചു, പക്ഷെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിക്കൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തു.

ALSO READ- മോഡിയുടെ സമര്‍ത്ഥമായ നേതൃത്വവും ജനങ്ങളുടെ അനുഗ്രഹവും: മധ്യപ്രദേശിലെ ബിജെപി കുതിപ്പില്‍ ശിവരാജ് സിംഗ് ചൗഹാന്‍

രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പലരും ഇന്ന് കോൺഗ്രസിൽ നിന്നുകൊണ്ട് ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കേരളത്തിലെ പല നേതാക്കളും ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരാണ്. ഇത്തരക്കാരെ തിരിച്ചറിയണം. മതനിരപേക്ഷ മനസുള്ള കോൺഗ്രസ് പ്രവർത്തകരെ ഇവർ വഞ്ചിക്കുകയാണ്. കോൺഗ്രസ് പാഠം ഉൾക്കൊണ്ടു മുന്നോട്ട് പോകണം. തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.

Exit mobile version