കളമശ്ശേരി സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്ക്; അറസ്റ്റ് രേഖപ്പെടുത്തി; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്ഫോടനം നടത്താനായി ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണെന്ന നിഗമനത്തില്‍ പോലീസ്. കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

ബോംബ് സ്ഥാപിക്കുന്നതിനായി ഇയാള്‍ വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്‌ഫോടനം നടത്തിയതിന്റെ തലേന്നുള്‍പ്പടെ രണ്ട് തവണ ഇയാള്‍ കണ്‍വെന്‍ഷന്‍ സെന്ററിലെത്തി സാഹചര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു.

വിദേശത്തായിരുന്ന ഡൊമിനിക്കിന്റെ പശ്ചാത്തലവും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലും എന്‍ഐഎ ഉള്‍പ്പടെ അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ കൊലപാതകം, വധശ്രമം, സ്ഫോടകവസ്തും ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി, എന്‍എസ്ജി, സംസ്ഥാന പോലീസിന്റെ വിവിധ വിഭാഗങ്ങളുള്‍പ്പടെ ഇയാളെ വിശദമായി ചോദ്യം ചെയ്തു

ALSO READ- അധ്യാപകനായ അശ്വന്ത് കോക്ക് തൊഴില്‍പരമായ ചട്ടലംഘനം നടത്തി;നിര്‍മാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി

അതേസമയം, കളമശ്ശേരി സ്ഫോടനത്തില്‍ പൊള്ളലേറ്റവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൊള്ളലേറ്റവരെ പരിചരിക്കുന്ന എല്ലാ ആശുപത്രികളും ഡോക്ടര്‍മാരും നല്ല അര്‍പ്പണ ബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നല്ല പരിചരണമാണ് ചികിത്സയിലുള്ളവര്‍ക്ക് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി,

സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും ബന്ധുക്കളെയും കളമശ്ശേരി മെഡിക്കല്‍ കോളജ്, കാക്കനാട് സണ്‍റൈസ് ആശുപത്രി,പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിസിറ്റി, രാജഗിരി ആശുപത്രി എന്നിവിടങ്ങളിലെത്തി മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

Exit mobile version