ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ ചൊല്ലി തര്‍ക്കം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി

മലപ്പുറം: റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി വി.എച്.എസ്.എസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എപി അഭിനവിനാണ് മര്‍ദനമേറ്റത്.

അഭിനവിനെ പത്തോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

also read; പ്രിയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്, കണ്ണൂരില്‍ മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികള്‍

സ്‌കൂളില്‍ ആര്‍ട്സ് ഡേയ്ക്കിടെയാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു പരിപാടി. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റ് അഭിനവിന്റെ കാലിന് പൊട്ടലുണ്ട്. സംഭവത്തില്‍ അഭിനവിന്റെ മാതാപിതാക്കള്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു എന്നാണ് അഭിനവ് പറയുന്നത്. കുട്ടികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിഷയം അന്വേഷിച്ചു വരികയാണെന്ന് സ്‌കൂള്‍ അധികൃതരും സൂചിപ്പിക്കുന്നു.

Exit mobile version