വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ 19 ലക്ഷം രൂപ തട്ടിയെടുത്തു: പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയെന്ന് സംശയം

കോഴിക്കോട്ട്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി 19 ലക്ഷം രൂപ
തട്ടിയെടുത്തതായി പരാതി. മീഞ്ചന്ത സ്വദേശി പികെ ഫാത്തിമയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.

എടിഎം കാര്‍ഡോ ഓണ്‍ലൈന്‍ ഇടപാടുകളോ നടത്താത്ത അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ഫാത്തിമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചെറൂട്ടി റോഡ് യൂണിയന്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് 19 ലക്ഷം രൂപ നഷ്ടമായത്. പണം ഓണ്‍ലൈന്‍ ഇടപാടിലൂടെ പലതവണയായി പിന്‍വലിച്ചതായാണ് കാണുന്നത്. 2023 ജൂലൈ 24നും സെപ്തംബര്‍ 19നുമിടയിലാണ് പണം പിന്‍വലിച്ചത്.

കെട്ടിട വാടക ഇനത്തില്‍ ഫാത്തിമയ്ക്ക് കഴിഞ്ഞ കുറച്ചുനാളുകളായി ലഭിച്ച പണമാണിത്. ഉത്തരേന്ത്യന്‍ ലോബിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് നിഗമനം. അക്കൗണ്ടുമായി ആദ്യം ബന്ധിപ്പിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഫാത്തിമ മാറ്റിയിരുന്നു. ഇക്കാര്യം ബാങ്കിനെ അറിയിച്ചിരുന്നുവെങ്കിലും പുതിയ ഫോണ്‍ നമ്പര്‍ ബാങ്ക് ചേര്‍ത്തിരുന്നില്ല.

പഴയ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നവരാകാം തട്ടിപ്പിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. ഈ നമ്പറില്‍ വിളിച്ചപ്പോള്‍ അസമിലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ ആള്‍ തിരിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.

Exit mobile version