ഹര്‍ത്താലിന്റെ മറവില്‍ സംഘടിത ആക്രമണത്തിന് ശ്രമമുണ്ടായി; ഞെട്ടിച്ച് പോലീസ് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ വിലയിരുത്താന്‍ പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ വിലയിരുത്താന്‍ പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. സംസ്ഥാന വ്യാപകമായി അക്രമം നടത്താന്‍ സംഘടിതശ്രമമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വലിയതോതില്‍ പൊതുമുതല്‍ നശിപ്പിക്കാനും ശ്രമമുണ്ടായി. പോലീസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാര്‍ ഗവര്‍ണറെ ധരിപ്പിക്കും. കേരളത്തിലുണ്ടായ ആക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ഗവര്‍ണര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ശബരിമല യുവതീപ്രവേശത്തിന്റെ പേരില്‍ സംസ്ഥാനത്തുണ്ടായ സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാഷ്ട്രീയ തെരുവുയുദ്ധം നടന്ന പാലക്കാട് നഗരത്തിലും കോഴിക്കോട്ടും സ്ഥിതി ശാന്തമാണ്.

എന്നാല്‍ അട്ടപ്പാടി, പട്ടാമ്പി, ചെര്‍പ്പുളശേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ പരുക്കേറ്റ രണ്ട് സിപിഎം പ്രവര്‍ത്തകരേയും രണ്ട് ബിജെപി പ്രവര്‍ത്തകരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു.

Exit mobile version