ഇത്തവണ ബംബറടിക്കും!കൂടുതൽ കോടീശ്വരന്മാരെ സൃഷ്ടിക്കാൻ ഓണം ബംബർ; രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ അവതരിപ്പിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ധനമന്ത്രി ഓണം ബമ്പർ പ്രകാശം ചെയ്തു. ചലച്ചിത്ര താരം പിപി കുഞ്ഞികൃഷ്ണൻ ചടങ്ങിൽ മുഖ്യാഥിതിയായി.

സംസ്ഥാനത്തെ ഏറ്റവും സമ്മാനത്തുകയുള്ള ലോട്ടറി ടിക്കറ്റുകളിലൊന്നായ തിരുവോണം ബംബർ ഇത്തവണ ശരിക്കും ഉപഭോക്താവിന് ബംബറാകും. സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംബർ രണ്ടാം സമ്മാനത്തിന്റെ ഘടനയിൽ മാറ്റം വരുത്തി. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് നൽകും. ഒന്നാം സമ്മാനം പഴയപടി 25 കോടിയായി തന്നെ നിലനിർത്തി.

അതേസമയം, കഴിഞ്ഞവർഷം രണ്ടാംസമ്മാനമായി അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണയും ടിക്കറ്റ് നിരക്ക് 500 രൂപ തന്നെയായിരിക്കും. 500 രൂപയുടെ ടിക്കറ്റ് വിറ്റാൽ തൊഴിലാളിക്ക് 100 രൂപ വീതം കിട്ടുന്ന തരത്തിലാണ് ക്രമീകരണം.

ഇത്തവണ ടിക്കറ്റിന്റെ പ്രിന്റിങ് കളർ ഒഴിവാക്കി ഫ്ളൂറസന്റ് പ്രിന്റിങ്ങാക്കും. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനച്ചടങ്ങിൽ ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 20-നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്. കഴിഞ്ഞ വർഷം 3,97,911 ഭാഗ്യശാലികളെ തേടി സമ്മാനമെത്തിയപ്പോൾ ഇത്തവണ 5,34,670 പേർക്ക് സമ്മാനം നൽകാനാണ് പദ്ധതി. കഴിഞ്ഞവർഷത്തേക്കാൾ 1,36,759 പേർ കൂടുതലാണിത്.

ALSO READ- ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോ? വന്ന വഴി മറക്കുന്നവർക്കിടയിൽ നല്ല മനസ്സുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം; മിയയെ കുറിച്ച് സംവിധായകൻ

50 ലക്ഷം വീതം 20 പേർക്കാണ് മൂന്നാം സമ്മാനം. അഞ്ച് ലക്ഷം വീതം പത്തുപേർക്ക് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേർക്ക് അഞ്ചാം സമ്മാനം ലഭിക്കും. കഴിഞ്ഞവർഷം ആകെ 66,55,914 ഭാഗ്യക്കുറികൾ വിറ്റഴിച്ചിരുന്നു.

Exit mobile version