ഹെല്‍മറ്റ് വച്ചില്ലെന്ന കുറ്റം, ഓട്ടോ ഡ്രൈവര്‍ക്ക് പിഴ ചുമത്തി പോലീസ്! ഹെല്‍മറ്റ് വെച്ച് ഡ്രൈവറുടെ പ്രതിഷേധം

വിചിത്രമായ പിഴ ലഭിച്ചതിനാല്‍ ഹെല്‍മറ്റ് വെച്ച് ഓട്ടോ ഓടിച്ച് പ്രതിഷേധിക്കുകയാണ് ഡ്രൈവര്‍ സഫറുള്ള.

തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഓട്ടോ ഓടിച്ചതിന് ഡ്രൈവര്‍ക്ക് പിഴയിട്ട് ട്രാഫിക് പോലീസ്. ഓട്ടോ ഡ്രൈവറായ സഫറുള്ളയ്ക്ക് 500 രൂപയാണ് പിഴ ചുമത്തിയത്. അതേസമയം, വിചിത്രമായ പിഴ ലഭിച്ചതിനാല്‍ ഹെല്‍മറ്റ് വെച്ച് ഓട്ടോ ഓടിച്ച് പ്രതിഷേധിക്കുകയാണ് ഡ്രൈവര്‍ സഫറുള്ള. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.

KL20R 6843 എന്ന ഓട്ടോറിക്ഷയ്‌ക്കെതിരെയാണ് പോലീസിന്റെ ഈ നടപടി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3 ആണ് സഫറുള്ളയ്ക്ക് പിഴ അടയ്ക്കാന്‍ ചലാന്‍ ലഭിച്ചത്. അതായത് എഐ ക്യാമറയൊക്കെ വരുന്നതിന് മുന്‍പ് ആയിരുന്നു സംഭവം. നേരിട്ട് കണ്ടാണ് ട്രാഫിക് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്.

പോലീസിന് തെറ്റിയതാവും എന്ന് കരുതി ആദ്യം
അദ്ദേഹം പിഴയടച്ചിരുന്നില്ല. എന്നാല്‍ തുടര്‍ നടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെയാണ് ഹെല്‍മെറ്റ് വണ്ടിയോടിച്ച് പ്രതിഷേധിക്കാന്‍ സഫറുള്ള തീരുമാനിച്ചത്. പൊതുവില്‍ ഓട്ടോ ഡ്രൈവര്‍മാരോട് പൊലീസ് മോശമായാണ് പെരുമാറ്റത്തിലും സഫറുള്ളയ്ക്ക് പരാതിയുണ്ട്.

ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. അതേസമയം, ചലാന്‍ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്ന് ബാലരാമപുരം പോലീസ് പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ട്രാഫിക് യൂണിറ്റില്‍ വിളിച്ചെങ്കിലും മറുപടിയില്ല. ക്ലറിക്കല്‍ പ്രശ്‌നമാണെന്നാണ് അനൗദ്യോഗിക വിശദീകരണം.

Exit mobile version