ജനനായകൻ; പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്; അര നൂറ്റാണ്ട് പിന്നിട്ടിട്ടും മറ്റൊരു സാമാജികനെ തേടാതെ പുതുപ്പള്ളിയിലെ ജനങ്ങൾ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗം ഉൾക്കൊള്ളാനാകുന്നില്ല പുതുപ്പള്ളിക്കാർക്ക്. കഴിഞ്ഞ 53 വർഷമായി പുതുപ്പള്ളിയുടെ എല്ലാ കാര്യങ്ങളിലും ഓടിയെത്തിയിരുന്ന സമാജികനായിരുന്നു കുഞ്ഞൂഞ്ഞ് എന്ന് സ്‌നേഹത്തോടെ അവർ വിളിക്കുന്ന ഉമ്മൻചാണ്ടി. തിരക്കേറിയ അദ്ദേഹത്തിന്റെ വീടും ഓഫീസും ശൂന്യമാകുമ്പോൾ പുതുപ്പള്ളിക്കാരുടെ മനസിലും വലിയൊരു നഷ്ടം സംഭവിക്കുകയാണ്.

കേരളത്തിന്റെ രാഷ്ട്രീയ ചരി്രതത്തിൽ തന്നെ വലിയൊരു നാഴികക്കല്ലാണ് അഞ്ച് പതിറ്റാണ്ട് കാലം ഒരേ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുക എന്നത്. ചെറിയൊരു നേട്ടമല്ല അദ്ദേഹം സ്വന്തമാക്കിയത്. 1970ൽ ഉമ്മൻചാണ്ടി മത്സരിക്കാൻ ആരംഭിച്ചതു തൊട്ട് മറ്റൊരാളെ പുതുപ്പള്ളിയിലെ ജനങ്ങൾ തങ്ങളുടെ പ്രതിനിധിയായി തേടി പോയില്ല. രാഷ്ട്രീയ കൊടുങ്കാറ്റ് വീശിയിട്ടും ഉമ്മൻചാണ്ടിയെ പുതുപ്പള്ളി കൈവിട്ടിരുന്നില്ല.

കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ ഉമ്മൻചാണ്ടി 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ നിയമസഭയിലെത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം നിയമസഭാ സാമാജികനായിരുന്നതും ഉമ്മൻ ചാണ്ടിയാണ് നിയമസഭാംഗമായി 53 വർഷം പിന്നിടുകയാണ്.

2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വർഷക്കാലം മുഖ്യമന്ത്രിയായിരുന്നു.2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും മുൻ സർക്കാരുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

also read- രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്ഛൻ ഉമ്മൻചാണ്ടിയെ ഇഷ്ടപ്പെട്ടിരുന്നു; വൈകാരിക കുറിപ്പുമായി വിഎസ് അച്യുതാനന്ദന്റെ മകൻ അരുൺ കുമാർ

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പളളി എം ഡി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലും ശേഷം കോട്ടയം സി എം എസ് കോളേജിലും പഠിച്ചു. ചങ്ങനാശ്ശേരി എ
സ്ബി കോളേജിൽ നിന്നും ബി എ ബിരുദവും എറണാകുളം ലോ കോളേജിൽ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

കെ എസ് യുവിനെ ഇന്നു കാണുന്ന തരത്തിലേക്ക് കേരളത്തിലെ ശക്തിയാക്കി വളർത്തിയവരിൽ മുന്നിൽ തന്നെയുണ്ട് ഉമ്മൻചാണ്ടി. കെ എസ് യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി എഐസിസി ജനറൽ സെക്രട്ടറിവരെയും വർക്കിംഗ് കമ്മിറ്റി അംഗമായും മാറി. കെ എസ് യു സംസ്ഥാന പ്രസിഡന്റ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. യു ഡി എഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

also read-‘കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടം’ ; അനുശോചിച്ച് എകെ ആന്റണി

1970 നും നും 2021നുമിടയിലെ 12 തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്തരായ എതിരാളികളോട് ഏറ്റുമുട്ടി ഒടുവിൽ ജയിച്ചു തന്നെ നിയമസഭയിലേക്ക് ഉമ്മൻചാണ്ടി എത്തുകയായിരുന്നു. ഉമ്മൻചാണ്ടിയാകട്ടെ, രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും പുതുപ്പള്ളിയല്ലാതൊരു സുരക്ഷിത മണ്ഡലത്തെ കുറിച്ച് ചിന്തിച്ചതുമില്ല. പുതുപ്പളളിക്കാർക്കൊപ്പം പുതുപ്പളളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം.

Exit mobile version