‘കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടം’ ; അനുശോചിച്ച് എകെ ആന്റണി

തന്റെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗമെന്നും, തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നും ആന്റണി പ്രതികരിച്ചു.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് എകെ ആന്റണി. കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരണമെന്ന് എകെ ആന്റണി പറഞ്ഞു. തന്റെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗമെന്നും, തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നും ആന്റണി പ്രതികരിച്ചു.

കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മന്‍ചാണ്ടി. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സഹായം തേടിവരുന്നവരെ നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ഭരണാധികാരിയാണ് അദ്ദേഹം. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മന്‍ചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മന്‍ചാണ്ടിയുടെ മരണമെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണം സ്ഥിരീകരിച്ചത്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ.

അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെത്തുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതുകഴിഞ്ഞ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും തുടര്‍ന്ന് കെപിസിസി ഓഫീസില്‍ പൊതുദര്‍ശനം നടക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു.

ശേഷം ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയില്‍ ആദ്യം മൈതാനത്ത് പൊതു ദര്‍ശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാള്‍ 2 മണിക്കാണ് സംസ്‌കാരം നടക്കുക.

Exit mobile version