ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കും; കേരളത്തിൽ തെരുവുനായ ഭീഷണി ഗുരുതരം: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: കേരളത്തിലെ തെരുവുനായ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

കൂടാതെ, സംസ്ഥാനത്ത് ആവശ്യത്തിന് വാക്‌സിൻ ഉണ്ട്. നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂവെന്നും മന്ത്രി അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പ് മൃഗസ്‌നേഹികളുടെ യോഗം വിളിച്ചു ചേർക്കും. എബിസി കേന്ദ്രങ്ങൾക്ക് അവരുടെ പിന്തുണ കൂടി തേടും. 25 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവത്തനസജ്ജമാക്കും. മൊബൈൽ എബിസി കേന്ദ്രങ്ങൾ തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ALSO READ- പന്ത്രണ്ട് വർഷം മുൻപ് വിറ്റ ബൈക്കിന് എഐ കാമറയുടെ പിഴ; പുതിയ ഉടമയെ തേടി നടന്ന് പ്രവാസിയായ പഴയ ഉടമ; പരാതിയുമായി കുടുംബം

അതേസമയം, നിലവിലെ എബിസി നിയമം തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്നതാണ്. ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യണം. ഇതിനായി കോടതിയെ സമീപിക്കും. അക്രമകാരിയായ നായ്ക്കളെ കൊല്ലണം എന്നാവശ്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Exit mobile version