കുട്ടിക്കൊമ്പനെ കൂട്ടാന്‍ അമ്മയാന എത്തിയില്ല; ധോണിയിലേക്ക് മാറ്റും

അട്ടപ്പാടി: പാലൂരില്‍ കൂട്ടം തെറ്റി ജനവാസ മേഖലയില്‍ എത്തിയ കുട്ടി കൊമ്പനെ ധോണിയിലേക്ക് മാറ്റിയേക്കും. കുട്ടിക്കൊമ്പന്‍ കൃഷ്ണയെ കൂട്ടാന്‍ അമ്മയാന അഞ്ചുദിവസമായിട്ടും എത്തിയിട്ടില്ല. ബൊമ്മിയാംപടി ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിന് സമീപമുള്ള താത്കാലിക കൂട്ടില്‍ അമ്മയ്ക്കായി കാത്തിരിക്കുകയാണ് കുട്ടിക്കൊമ്പന്‍.

ബൊമ്മിയാംപടിയില്‍ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുള്ളതിനാലാണ് ആനക്കുട്ടിയെ ഇവിടെയെത്തിച്ചത്. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശം കൃഷ്ണയെ ധോണിയിലേക്ക് മാറ്റാനാണ്. ഉന്നതോദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കുട്ടിക്കൊമ്പനെ മാറ്റുന്ന കാര്യത്തില്‍ വനംവകുപ്പ് തീരുമാനമെടുക്കും.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ഒരുവയസ്സുള്ള അവശനായ കുട്ടിക്കൊമ്പനെ തൊഴിലുറപ്പുതൊഴിലാളികള്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ദൊഡ്ഡുക്കട്ടി കൃഷ്ണവനത്തില്‍ താത്കാലിക കൂട്ടിലേക്ക് മാറ്റിയത്. ഞായറാഴ്ച കുട്ടിക്കൊമ്പനെ കാട്ടിലൂടെ നടത്തിച്ച് ബൊമ്മിയാംപടിയിലേക്ക് എത്തിക്കുകയായിരുന്നു.

Exit mobile version