കൂട്ടം തെറ്റി അവശനിലയിലായി കുട്ടിക്കൊമ്പന്‍: ഇളനീരും ലാക്ടോജനും നല്‍കി ഉഷാറാക്കി വനംവകുപ്പ്; സംഘം തിരിഞ്ഞ് അമ്മയാനയെ കണ്ടെത്തി

കോയമ്പത്തൂര്‍: കൂട്ടം തെറ്റിയ ആനക്കുട്ടിയെ നീണ്ട പരിശ്രമത്തിനൊടുവില്‍ അമ്മയുടെ അടുത്തെത്തിച്ച് തമിഴ്‌നാട് വനംവകുപ്പ് ജീവനക്കാര്‍. പെരിയനായിക്കന്‍ പാളയത്താണ് സംഭവം. മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടം തെറ്റി നാട്ടിലെത്തിയത്. ശനിയാഴ്ചയാണ് ആനക്കുട്ടി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ജീവനക്കാര്‍ ശനിയാഴ്ച രാവിലെ എത്തിയത്.

അവശനായതോടെ കുട്ടിക്കൊമ്പനെ വെറ്റിനറി വിദഗ്ധര്‍ പരിശോധിച്ചു. പിന്നാലെ ഇളനീരും ഗ്ലൂക്കോസും ലാക്ടോജനും നല്‍കി ഉദ്യോഗസ്ഥര്‍ ഉഷാറാക്കി. ഇതിനിടെ മൂന്ന് സംഘമായി തിരിഞ്ഞ് കുട്ടിക്കൊമ്പന്റെ അമ്മയാനയെയും തിരയാന്‍ തുടങ്ങി. നീണ്ട തിരച്ചിലിനൊടുവിലാണ് നായ്ക്കന്‍പാളയം എന്ന സ്ഥലത്തെ പുതിയ തോപ്പില്‍ ആനക്കൂട്ടത്തെ കണ്ടെത്തിയത്.

വൈകുന്നേരം ആറ് മണിയോടെ കുട്ടിക്കൊമ്പനെ ഉദ്യാഗസ്ഥര്‍ തള്ളയാനയുടെ അടുത്തേക്ക് എത്തിച്ചു. കുട്ടിയാനയെ ആനക്കൂട്ടം സ്വീകരിച്ചതായും വനംവകുപ്പ് വിശദമാക്കി. ഏതാനും നാളുകള്‍ കുട്ടിക്കൊമ്പനെ കൂട്ടത്തിനൊപ്പം ഇണങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വനംവകുപ്പ് വിശദമാക്കി.

Exit mobile version