ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചു; മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം

കൊച്ചി:ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിനെതിരായി പോക്സോ കേസ് തെളിഞ്ഞെന്ന് കോടതി. 2019ലാണ് കേസില്‍ ആസ്പദമായ സംഭവം നടന്നത്. മുഴുവന്‍ വകുപ്പുകളിലും മോന്‍സണ്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി വിധി പറഞ്ഞു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ മോന്‍സണ് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ മാത്രമാണ് ജാമ്യം ലഭിക്കാതിരുന്നത്. പോക്സോ കേസില്‍ കുറ്റക്കാരനെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെ മോന്‍സണ്‍ ഇനിയും ജയിലില്‍ തന്നെ തുടരും.

രണ്ട് വര്‍ഷത്തോളം കാലം തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ആ കാലയളവില്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. എന്തുകൊണ്ട് പരാതി പറയാന്‍ വൈകിയെന്നും ഇത് തന്നെ കുടുക്കാനുള്ള ശ്രമമാണെന്നുമായിരുന്നു മോന്‍സന്റെ വാദം. എന്നാല്‍ ഭീഷണി ഭയന്നാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പോക്സോ നിയമത്തിലെ 7,8 വകുപ്പുകളും ഐപിസി 370 (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്കല്‍), 342 (അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍), 354 എ ( സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം), 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍), 506( ഭീഷണിപ്പെടുത്തല്‍) മുതലായവയാണ് മോന്‍സണെതിരെ ചുമത്തിയിരുന്നത്. ഇതിലെല്ലാം മോന്‍സണ്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.

മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തുവന്നിരുന്ന സ്ത്രീയുടെ മകളാണ് കേസിലെ പരാതിക്കാരി. കുട്ടിയ്ക്ക് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ചൊവ്വാഴ്ച അന്തിമ വാദം പൂര്‍ത്തിയാക്കിയ ശേഷം കോടതി ഇന്ന് വിധി പറയുമെന്ന് നിശ്ചയിക്കുകയായിരുന്നു. കേസില്‍ മോന്‍സണെതിരായ ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി പറയും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആര്‍ റസ്റ്റമാണ് കേസ് അന്വേഷിച്ച് മോന്‍സണെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

Exit mobile version