കട്ടപ്പന ടു കൊച്ചി രണ്ടര മണിക്കൂറിൽ; ഹൃദയാഘാതമുണ്ടായ 17കാരിയുമായി പാഞ്ഞെത്തി ആംബുലൻസ്; ആൻമരിയയ്ക്കായി കൈകോർത്ത് നാട്ടുകാരും അധികൃതരും

കൊച്ചി: കട്ടപ്പനയിലെ ആശുപത്രിയിൽ നിന്നും പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് ശരവേഗത്തിൽ എത്തിക്കാനായി കൈകോർത്ത് വിവിധ തലത്തിലുള്ള ജനങ്ങൾ. ഹൃദയാഘാതമുണ്ടായ 17-കാരി ആൻ മരിയയെയാണ് നാട്ടുകാർ ഉൾപ്പടെയുള്ളവരുടെ സഹകരണത്തിൽ ആംബുലൻസിൽ കട്ടപ്പനയിൽനിന്ന് എറണാകുളം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്. രണ്ടുമണിക്കൂർ 39 മിനിറ്റിലാണ് ആംബുലൻസ് 132 കിലോമീറ്റർ പാഞ്ഞെത്തിയത്. ഹൈറേഞ്ചിൽ നിന്ന് കൊച്ചിയിലേക്ക് വഴി വളവുകൾ നിറഞ്ഞതും അതീവ ദുഷ്‌കരമായ പാതയാണ് ഉള്ളത്. ഈ പ്രതിസന്ധികളെ മറികടന്നാണ് ആംബുലൻസ് കുതിച്ചെത്തിയത്.

കട്ടപ്പനയിലെ സെന്റ് ജോൺസ് ആശുപത്രിയിൽ നിന്നാണ് KL 06 H 9844 നമ്പറിലുള്ള ആംബുലൻസ് അമൃത ആശുപത്രിയിൽ രണ്ട് മണിക്കൂർ 39 മിനിറ്റുകൊണ്ടെത്തിയത്. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി വിവിധ തലങ്ങളിലുള്ളവർ കൈകോർത്താണ് സഹായമെത്തിച്ചത്. ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു സാഹസിക യാത്ര.

രാവിലെ 11.37-നാണ് ആംബുലൻസ് കട്ടപ്പനയിൽനിന്ന് പുറപ്പെട്ടത്. 2.17-ഓടെ അമൃത ആശുപത്രിയിലെത്താനായി. ആംബുലൻസിന് വഴിയൊരുക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്കിൽ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹവും കൊച്ചിയിലേക്ക് ആംബുലൻസിനൊപ്പം തിരിച്ചു. ആംബുലൻസിന് വഴിയൊരുക്കാനും ഗതാഗതം നിയന്ത്രിക്കാനും പോലീസും ഒപ്പമുണ്ടായിരുന്നു. വാഹനത്തിന് വഴിയൊരുക്കാൻ സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും അഭ്യർഥനയുണ്ടായിരുന്നു.

ALSO READ- നിർമ്മാണം കഴിഞ്ഞ റോഡ് കൈകൊണ്ട് ഇളക്കിയെടുത്ത് നാട്ടുകാർ; റോഡിനടിയിൽ തുണിവിരിച്ചെന്ന് കണ്ടെത്തൽ; ജർമൻ ടെക്‌നോളജിയെന്ന് കരാറുകാരൻ!

കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായത് കൊണ്ടുതന്നെ ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.

Exit mobile version