മകന്റെ ചികിത്സയ്ക്ക് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു; നിരക്ഷരയായ വീട്ടമ്മയെ പറ്റിച്ച് വീടും പുരയിടവും തട്ടിയെടുത്ത കൊല്ലത്തെ യുവാവ് അറസ്റ്റിൽ

ചാരുംമൂട്: മകന്റ ചികിത്സയ്ക്ക് സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരക്ഷരയായ വീട്ടമ്മയെ പറ്റിച്ച് വീടുംപുരയിടവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കൊല്ലം ആദിച്ചനല്ലൂർ തഴുത്തല ശരൺ ഭവനത്തിൽ ശരൺ ബാബു (34)വാണു അറസ്റ്റിലായത്.

താമരക്കുളം മേക്കുംമുറി കൊച്ചുപുത്തൻവിള സുനിൽ ഭവനത്തിൽ സുശീലയുടെ വീടും എട്ടുസെന്റ് പുരയിടവുമാണ് ഇയാൾ തട്ടിയെടുത്തത്.സുശീലയുടെ അംഗപരിമിതിയുള്ള മകൻ സുനിലുമായി സൗഹൃദം സ്ഥാപിച്ചാണ് ശരൺബാബു കുടുംബത്തെ പറ്റിച്ചത്.

കൊല്ലം കൊട്ടിയത്തുള്ള സുനിലിന്റെ ബന്ധുവീട്ടിൽവെച്ചാണ് ശരൺ ബാബു സുനിലിനെ പരിചയപ്പെടുന്നത്. ഈ സമയത്ത് സുനിലിനു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓപ്പറേഷൻ നടത്തുന്നതിനു സാമ്പത്തികം ആവശ്യമാണെന്നു മനസ്സിലാക്കുകയും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. പിന്നീട് സുനിലിന്റെ താമരക്കുളത്തെ വീട്ടിൽ ശരൺ ബാബു എത്തുകയും സുശീലയുടെ വീടും പുരയിടവും കാണുകയും ചെയ്തു.

തുടർന്ന് വീടിന്റെയും പുരയിടത്തിന്റെയും പ്രമാണം ബാങ്കിൽ വെച്ചിട്ട് വായ്പ എടുത്തു കൊടുക്കാമെന്നു വീട്ടുകാരെ ധരിപ്പിക്കുകയായിരുന്നു. ഇതുവിശ്വസിച്ച സുശീല ശരൺ ബാബു കൊണ്ടുവന്ന പേപ്പറുകളിൽ ഒപ്പിട്ടു നൽകി.

ALSO READ- സുഹൃത്തുമായി രഹസ്യബന്ധം, ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി; പ്രതി 21കാരൻ

എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്തത് എന്താണെന്ന് സുശീല ചോദ്യം ചെയ്തു. തുടർന്ന് മൂന്നരലക്ഷം രൂപയുടെ ചെക്ക് സുശീലയ്ക്കു നൽകി ബാങ്കിൽനിന്നു പണമെടുത്തു കൊള്ളാൻ പറഞ്ഞു. ചെക്കുമായി ബാങ്കിൽ ചെന്നപ്പോഴാണ് അങ്ങനെയൊരു അക്കൗണ്ടില്ലെന്നു തന്നെ മനസ്സിലായത്. ശേഷം, പണം നേരിട്ടു കൊടുക്കാമെന്നു പറഞ്ഞു ശരൺബാബു ചെക്ക് തിരികെ വാങ്ങി. ഇതിനിടെ വസ്തുവിന്റെ കരം അടയ്ക്കാനായി വില്ലേജ് ഓഫീസിൽ ചെന്നപ്പോഴാണു സുശീലയ്ക്ക് വസ്തു തന്റെ പേരിലല്ലെന്നു മനസ്സിലാക്കിയത്.

പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. പ്രതിക്കെതിരേ വഞ്ചനാക്കുറ്റത്തിനു കേസ് രജിസ്റ്റർ ചെയ്തു. ഇതറിഞ്ഞ് ഒളിവിൽപ്പോയ ശരൺ ബാബുവിനെ ശൂരനാട്ടുള്ള വീട്ടിൽനിന്നാണ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പുകൾ നടത്തുമെന്ന് നൂറനാട് എസ്എച്ച്ഒ പി ശ്രീജിത്ത് അറിയിച്ചു.

Exit mobile version