സർക്കാർ സ്‌കൂളിലെ അധ്യാപകർക്ക് അഞ്ച് വർഷം കൂടുമ്പോൾ സ്ഥലം മാറ്റം; പരിഷ്‌കാരവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്ക് അഞ്ചു വർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലം മാറ്റം വരുന്നു. വിഷയം വിദ്യഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി.

ഒന്നാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ അധ്യാപകരാണ് സ്ഥലം മാറ്റ നയത്തിന് കീഴിൽ ഉൾപ്പെടുന്നത്. എൽപി, യുപി, ഹൈസ്‌കൂളുകളിലേക്ക് ജില്ലാതല പിഎസ്‌സി പട്ടിക വഴിയാണ് നിയമനം നടത്തുക. നിയമനം ലഭിച്ച ജില്ലയ്ക്ക് ഉള്ളിൽ തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലായിരിക്കും പുതിയ നയമെന്നാണ് റിപ്പോർട്ട്.

അധ്യാപകർ ഒരേ സ്‌കൂളിൽ തുടരുന്നത് സ്‌കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം. കൂടാതെ സ്ഥലംമാറ്റം കാരണം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാൻ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയും അനുകൂല നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.

ALSO READ-പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോഡിയുടെ ചിത്രം കീറി; കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴയിട്ട് കോടതി; ഏഴ് ദിവസം ജയിൽ ശിക്ഷ

എന്നാൽ, വിഷയം അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യാത്തതിനാൽ പുതിയ അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമോയെന്നത് വ്യക്തമായിട്ടില്ല. വർഷങ്ങളായുള്ള രീതിയിൽ മാറ്റം ഉണ്ടാകണമെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണ്. നിലവിൽ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ അഞ്ചുവർഷം കൂടുമ്പോഴുള്ള അധ്യാപകരുടെ സ്ഥലംമാറ്റം നടക്കുന്നുണ്ട്.

Exit mobile version