മുന്നില്‍ 10 കാട്ടാനകള്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഇനിയും ഞെട്ടല്‍ മാറാതെ മത്സ്യത്തൊഴിലാളി

പാലക്കാട്: കാട്ടാനകളുടെ മുന്നില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും സുന്ദരന്‍ മുക്തനായിട്ടില്ല. പാലക്കാട് ജില്ലയിലെ മലമ്പുഴ കരടിയോടിലാണ് സംഭവം. പുലര്‍ച്ചെ 5.30ന് സ്‌കൂട്ടറില്‍ സഞ്ചരിക്കവേയായിരുന്നു കല്ലേപ്പുള്ളി സ്വദേശി സുന്ദരന്‍ (55) കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ പെട്ടത്.

പ്‌ത്തോളം കാട്ടാനകളായിരുന്നു സുന്ദരന്റെ മുന്നില്‍ നിരന്നുനിന്നത്. സുന്ദരന്റെ സ്‌കൂട്ടര്‍ പൂര്‍ണമായും ആനക്കൂട്ടം തകര്‍ത്തു. മലമ്പുഴ ഡാമില്‍ തലേന്ന് ഇട്ട വല എടുക്കാനായി പുലര്‍ച്ചെ പോകുന്നതിനിടെയാണ് അപകടം. കാട്ടിലേക്കു കടക്കാനായി ആനക്കൂട്ടം റോഡ് കുറുകെക്കടക്കുകയായിരുന്നു.

also read: ട്രെയിനിലെ ശുചിമുറിയില്‍ ഫോണ്‍ നമ്പര്‍, തുടരെ അശ്ലീല കോളുകളും; പ്രതിയായ അസിസ്റ്റന്റ് പ്രൊഫസറെ കുടുക്കി വീട്ടമ്മ

രണ്ട് ആനകള്‍ റോഡ് കടന്നു പോകുന്നതു സുന്ദരന്‍ കണ്ടിരുന്നു. ഈ ആനകള്‍ പോയ ആശ്വാസത്തില്‍ വണ്ടിയുമായി മുന്നോട്ടു പോയപ്പോള്‍ ഉടന്‍ മറ്റൊരു കാട്ടാനക്കൂട്ടം റോഡിലേക്ക് ഇറങ്ങി. ഇത് കണ്ട് വണ്ടിയില്‍ നിന്നും സുന്ദരന്‍ വീണു. പതിയെ പുറകിലോട്ടു കുറച്ചുദൂരം നിരങ്ങി മാറി.

also read: തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ കെട്ടിടത്തിന് പച്ച പെയിന്റ്: പ്രതിഷേധമായതോടെ നിറം മാറ്റിയടിച്ച് ദേവസ്വം

ഇതിനിടെ തുമ്പിക്കൈകൊണ്ട് ഒരു ആന പിടിക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ സുന്ദരന്‍ രക്ഷപ്പെട്ട് എഴുന്നേറ്റ് ഓടി. വീണത് മണ്ണിലേക്കായതിനാല്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. 17 വര്‍ഷമായി മലമ്പുഴ ഡാം ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളിയാണ് ഇയാള്‍.

പലപ്പോഴായി ദൂരെ നിന്നു കാട്ടാനകളെ കാട്ടിനുള്ളില്‍ വച്ച് കണ്ടിട്ടുണ്ടെങ്കിലും മുന്നില്‍ പെടുന്നത് ആദ്യമാണെന്നു സുന്ദരന്‍ പറഞ്ഞു. സുന്ദരന് അപകടമൊന്നും സംഭവിക്കാത്തതിന്റെ ആശ്വാസത്തിലാണ് ഭാര്യ ആര്‍.ബിന്ദുവും മക്കളായ സച്ചിനും സഞ്ജയും.

Exit mobile version