തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ കെട്ടിടത്തിന് പച്ച പെയിന്റ്: പ്രതിഷേധമായതോടെ നിറം മാറ്റിയടിച്ച് ദേവസ്വം

മലപ്പുറം: ക്ഷേത്രത്തിലെ കെട്ടിടത്തിന് പച്ച പെയിന്റടിച്ചു, ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പെയിന്റ് മാറ്റിയടിച്ചു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര വളപ്പിലെ കെട്ടിടത്തിന് അടിച്ച പെയിന്റ് ആണ് മാറ്റിയടിച്ചത്. പച്ചക്കളര്‍ പെയിന്റടിച്ചത് ഒരു വിഭാഗം സാമൂഹികമാധ്യമങ്ങളിലടക്കം വിവാദമാക്കിയതിന് പിന്നാലെയാണ് പച്ച മാറ്റി ചന്ദന കളര്‍ അടിച്ചത്.

മാര്‍ച്ച് 28ന് തുടങ്ങുന്ന അങ്ങാടിപ്പുറം പൂരത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിന് പെയിന്റടിച്ചത്. ഇതിനു പിന്നാലെ ഹിന്ദു ഐക്യവേദി പ്രതിനിധികള്‍ പച്ച പെയിന്റ് മാറ്റണമെന്നാവശ്യപ്പെട്ട് ദേവസ്വം അധികൃതര്‍ക്ക് നിവേദനം നല്‍കുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളിലടക്കം ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയിരുന്നു. പെയിന്റ് മാറ്റുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ പച്ചപ്പകല്‍ ഞങ്ങള്‍ പരസ്യമായി പെയിന്റ് മാറ്റിയടിക്കും. എനിക്ക് പെയിന്റിങ് അറിയില്ല. എന്നാലും ഞാനുണ്ടാകും മുന്നിലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല പറഞ്ഞിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രമാണ് തിരുമന്ധാംകുന്ന്.

Exit mobile version