നിറയെ യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ബോധം പോയി; ഓടിയെത്തി ബ്രേക്ക് ചവിട്ടി, 35ലധികം യാത്രക്കാരുടെ ജീവന്‍ കാത്ത് കണ്ടക്ടര്‍

വെള്ളറട ഡിപ്പോയില്‍നിന്ന് നെയ്യാറ്റിന്‍കര-അമ്പൂരി-മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെള്ളറട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ബോധം പോയി. ഓടിയെത്തി ബ്രേക്ക് ചവിട്ടി യാത്രക്കാരുടെ ജീവന്‍ കാത്ത് കണ്ടക്ടര്‍. കണ്ടക്ടര്‍ വെള്ളറട സ്വദേശി വിജി വിഷ്ണുവിന്റെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെ ആനപ്പാറ ഇറക്കത്തിലാണു സംഭവം. വെള്ളറട ഡിപ്പോയില്‍നിന്ന് നെയ്യാറ്റിന്‍കര-അമ്പൂരി-മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെള്ളറട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ രാജേഷിന് ബോധക്ഷയം ഉണ്ടായതോടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു.

ആനപ്പാറ ആശുപത്രിക്കു മുന്നില്‍ യാത്രികര്‍ക്ക് ഇറങ്ങാനായി കണ്ടക്ടര്‍ ബെല്ലടിച്ചെങ്കിലും ഡ്രൈവര്‍ ബസ് നിര്‍ത്താതെ പോയി. ബെല്ലടിച്ചത് കേള്‍ക്കാഞ്ഞിട്ടാണെന്നാണ് ആദ്യം കരുതിയത്. കണ്ടക്ടര്‍ ആളിറങ്ങാനുണ്ടെന്ന് പറഞ്ഞെങ്കിലും ബസ് നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നു.

ആനപ്പാറ കവലയില്‍ നിന്ന് ആറാട്ടുകുഴിയിലേക്കു തിരിയുന്നതിനു പകരം ബസ് നേരേ കോവില്ലൂര്‍ റോഡിലേക്ക് കയറുകയും റോഡ് വശത്ത് ഉണ്ടായിരുന്ന കാറിലും ബൈക്കിലും തട്ടി നിര്‍ത്താതെ മുന്നോട്ട് പോയതോടെ ബസ്സില്‍ ഉണ്ടായിരുന്നവര്‍ ഭയന്ന് നിലവിളിച്ചു. ഇതോടെ എന്തോ സംശയം തോന്നിയ കണ്ടക്ടര്‍ ഓടിയെത്തി നോക്കുമ്പോഴാണ് ഡ്രൈവര്‍ക്ക് ബോധം ഇല്ലെന്ന് മനസ്സിലായത്.

വിഷ്ണു ഉടന്‍ വാഹനത്തിന്റെ ബ്രേക്ക് ചവിട്ടി ബസ്സ് നിര്‍ത്തി. ഇതോടെ വന്‍ ദുരന്തം ആണ് ഒഴിവായത്. ഡ്രൈവര്‍ രാജേഷിനെ ഉടന്‍ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ടക്ടര്‍ വിഷ്ണുവിന്റെ ഇടപെടലില്‍ 35ലധികം യാത്രക്കാരുടെ ജീവനാണ് രക്ഷയായത്.

Exit mobile version