ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി: വിദ്യാര്‍ഥിനി മരിച്ചു, 16 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. കെടിസിടി ആര്‍ട്‌സ് കോളേജ് എംഎ (ഇംഗ്ലീഷ്) വിദ്യാര്‍ത്ഥിനി ആറ്റിങ്ങല്‍ സ്വദേശി ശ്രേഷ്ഠ എം. വിജയ് ആണ് മരിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിനി ആല്‍ഫിയ ഗുരുതര പരിക്കുകളോടെ തിരുവനന്തപുര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തില്‍ 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആതിര പി. ഗായത്രി, ആമിന, അല്‍ഫിയ, സുമിന, നിതിന്‍, നിഹാല്‍, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാത്തന്‍പറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 3.15- ഓടെയായിരുന്നു സംഭവം. കല്ലമ്പലം പോലീസ് സ്റ്റേഷന് മുന്നില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം തെറ്റി ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version