‘റിബണോ ബാരിക്കേഡോ വെച്ചിരുന്നെങ്കില്‍ സഹോദരന്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു’: ഹൃദയം നുറുങ്ങി മനോജിന്റെ സഹോദരി

കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന്റെ പിഴവ് ചൂണ്ടി കാണിച്ച് മരണപ്പെട്ട മനോജിന്റെ സഹോദരി. സുരക്ഷാ ക്രമീകരണത്തിനായി ഒരു റിബണോ ബാരിക്കേഡോ അവിടെ വെച്ചിരുന്നെങ്കില്‍ തന്റെ സഹോദരന്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന് സഹോദരി ചിപ്പി പറഞ്ഞു.

മന്ത്രിമാര്‍ വരുകയോ പ്രധാനമന്ത്രി വരുകയോ, അവരുടെ സുരക്ഷയ്ക്ക് എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ. ജനങ്ങളുടെ സുരക്ഷ കൂടി നോക്കണം. ഒരു ബാരിക്കേഡോ എന്തെങ്കിലും ഒന്ന് അവിടെ വയ്ക്കാമായിരുന്നു. ഇങ്ങനെ ആര്‍ക്കും ഇനി ജീവന്‍ നഷ്ടമാവാതെ ഇരിക്കട്ടെ. അത്ര വേദന എന്റെ കുട്ടി സഹിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്, ചിപ്പി പറയുന്നു.

സെക്യൂരിറ്റിക്ക് വേണ്ടി വാഹനങ്ങള്‍ കടന്ന് പോകാതിരിക്കാന്‍ വടം കെട്ടിയിട്ടുണ്ട്. വടം മാത്രമേ കെട്ടിയിട്ടുള്ളു. വടം കാണുന്ന രീതിയില്‍ ഒരു റിബണോ ബോക്‌സോ ബാരിക്കേഡോ ഒന്നും ഉണ്ടായില്ല. സംഭവം നടന്ന സമയത്തും സ്ട്രീറ്റ്‌ലൈറ്റ് ഇല്ല. റോഡില്‍ വാഹന തിരക്ക് ഇല്ലാതെ വരുമ്പോള്‍ ആരായാലും സ്പീഡ് കൂട്ടും. അവന്‍ ആ സ്പീഡ് എടുത്തപ്പോള്‍ വടത്തില്‍ ഇടിച്ചു. അത് വലിപ്പമുള്ള വടം ആയിരുന്നു എങ്കില്‍ കഴുത്തിന് അത്രയും ഫ്രാക്ച്ചര്‍ വരില്ലായിരുന്നു’

ലൈസന്‍സ് ഇല്ലാത്തതിനാല്‍ പോലീസിനെ കണ്ട് ഭയന്നിട്ടുണ്ടാവാം. എന്നാല്‍ പോലീസുകാര്‍ സെന്ററില്‍ അല്ല നിന്നിരുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അവന് അപകടം പറ്റിയതിന് ശേഷമാണ് റിബണുകള്‍ കൊണ്ടുവന്ന് കെട്ടിയത്. കുറച്ച് കഴിഞ്ഞപ്പോള്‍ വടം എടുത്തുമാറ്റി. അവന്റെ കഴുത്തിനാണ് പ്രധാനമായും പരുക്കേറ്റിരിക്കുന്നത്. സര്‍ജറി ചെയ്തു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയോ എന്നതില്‍ സംശയമുണ്ട്. അച്ഛനും അമ്മയും കയറി കണ്ടപ്പോള്‍ മൂക്കില്‍ പഞ്ഞി വെച്ചിരുന്നു എന്നാണ് പറഞ്ഞതെന്ന് മനോജിന്റെ സഹോദരി പറയുന്നു.

വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഞായറാഴ്ച രാത്രി 10ഓടെയാണ് അപകടമുണ്ടായത്. എസ്എ റോഡില്‍ നിന്ന് വന്ന് എം.ജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് അപകടത്തില്‍ പെട്ടതെന്നാണ് പോലീസ് പറയുന്നത്. മനോജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ അര്‍ധ രാത്രി ഒന്നരയോടെ മരിച്ചു.

Exit mobile version