വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്തത് കഴുത്തില്‍ കുരുക്ക് മുറുകി; തോട്ടമുടമയുടെ പേരില്‍ കേസെടുത്തു; തിരിച്ച് കേസ് നല്‍കി അന്‍പുകുത്തിയിലെ മുഹമ്മദ്

അമ്പലവയല്‍: പൊന്‍മുടിക്കോട്ടയില്‍ ഭീതിപരത്തിയ കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ തോട്ടമുടമയ്ക്ക് എതിരെ കേസെടുത്ത് വനം വകുപ്പ്. ചത്ത കടുവയെ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമയായ പള്ളിയാലില്‍ മുഹമ്മദിന്റെ പേരിലാണ് വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരം കേസെടുത്തിരിക്കുന്നത് സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ഉയരുകയും ചെയ്തു.

ബുധനാഴ്ച വൈകീട്ടാണ് അന്‍പുകുത്തി പാടിപറമ്പിലെ മുഹമ്മദിന്റെ തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഒന്നരവയസ്സുള്ള കടുവയെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് കുരുക്ക് മുറിക്കിയതെന്നാണ് വനംവകുപ്പ് കണ്ടെത്തല്‍.

കടുവ ഷെഡ്യൂള്‍ഡ് ഒന്നില്‍പ്പെട്ട ജീവിയാണ്. കര്‍ശന നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല എന്നാണ് വനംവകുപ്പിന്റെ വിശദീകരണം. അതേസമയം, തന്റെ പറമ്പില്‍ അതിക്രമിച്ചുകയറി കുരുക്ക് സ്ഥാപിച്ചവരെ എത്രയുംവേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പള്ളിയാലില്‍ മുഹമ്മദ് അമ്പലവയല്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്.

ALSO READ- മദ്യത്തിന് ഇനിയും വില ഉയരും; സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി; ഫ്‌ളാറ്റിനും വില ഉയരും

താന്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസമനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തന്റെ പറമ്പില്‍നിന്ന് കഴിഞ്ഞദിവസം കടുവയെ കഴുത്തില്‍ കുരുക്കുമുറുകി ചത്തനിലയില്‍ കണ്ടെത്തിയതെന്നും പിന്നീട്, വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തന്റെ ഭൂമിരേഖയുടെ പകര്‍പ്പ് വാങ്ങിക്കൊണ്ടു പോയെന്നും മുഹമ്മദിന്റെ പരാതിയില്‍ പറയുന്നു.

Exit mobile version