വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയത് പണവും എടിഎം കാര്‍ഡും; മനസിളകിയില്ല, നേരെ പോലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി ഈ മൂവര്‍ വിദ്യാര്‍ത്ഥി സംഘം

കൂറ്റനാട്: റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ ആ പണം ചെലവഴിക്കാന്‍ ധാരാളം വവികള്‍ മുന്നിലുണ്ടായിട്ടും അതിലൊന്നും വീഴാതെ ഉടമയെ തേടി പിടിച്ച് തിരികെ നല്‍കി വിദ്യാര്‍ത്ഥികളുടെ മാതൃക. വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ പണവും രേഖകളുമാണ് വിദ്യാര്‍ത്ഥികള്‍ തിരികെ ഏല്‍പ്പിച്ചത്. ചാലിശേരി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസിലെ മൂന്ന് വിദ്യാര്‍ഥികളാണ് നാടിന് മാതൃകയായത്.

കഴിഞ്ഞദിവസം സ്‌കൂളിലെ സഹപാഠിയുടെ പിറന്നാളിന് സമ്മാനം വാങ്ങി മടങ്ങിവരവെയാണ് പോലീസ് സ്റ്റേഷനു സമീപം റോഡില്‍ നിന്ന് പണമടങ്ങിയ പഴ്‌സ് ഈ കുട്ടികള്‍ക്ക് വീണുകിട്ടിയത്. തുറന്നുനോക്കിയപ്പോള്‍ പണവും എടിഎം കാര്‍ഡും കണ്ടു. ഇതോടെ കാര്യത്തിന്റെ ഗൗരവം മനസിലാക്കി വിദ്യാര്‍ത്ഥികളായ ആല്‍ജിയോ, സൗരവ്, ധര്‍മ്മിക് എന്നിവര്‍ ചാലിശ്ശേരി പോലീസ് സ്റ്റേഷനില്‍ പഴ്‌സ് ഏല്‍പ്പിച്ചു.

ALSO READ- കാക്കിക്കുള്ളിലെ കലാകാരന്‍ സിബി തോമസ് ഇനി ഡിവൈഎസ്പി; സ്ഥാനക്കയറ്റം!

13,000 രൂപ അടങ്ങിയ പഴ്‌സ് പിന്നീട് പോലീസ് ഉടമയെ കണ്ടെത്തി കൈമാറുകയും ചെയ്തു. കൂടാതെ, ഈ ചെറുപ്രായത്തില്‍ മാതൃകയായ വിദ്യാര്‍ത്ഥികള്‍ക്ക് ഉടമകള്‍ ഉപഹാരവും നല്‍കി. ഇതോടെ മൂന്ന് പേരും സ്‌കൂളിനും ഗ്രാമത്തിനും അഭിമാനമായി മാറുകയായിരുന്നു.

കൂടാതെ, വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പ്രധാനാധ്യാപിക ടിഎസ് ദേവിക, പിടിഎ പ്രസിഡന്റ് പികെ കിഷോര്‍, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍ എന്നിവര്‍ പ്രത്യേക ചടങ്ങില്‍ അനുമോദിച്ചു.

Exit mobile version