വണ്ടി ഓടിക്കുന്നതിനിടെ തളർന്നു, മരണം അടുത്തെത്തിയിട്ടും കുട്ടികളുടെ രക്ഷ മറന്നില്ല; ഓട്ടോ ഒതുക്കി നിർത്തിയതിന് പിന്നാലെ പ്രിയപ്പെട്ട ബാബുചേട്ടൻ വിടപറഞ്ഞു

പുന്നയൂർക്കുളം: വണ്ടി ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം നേരിട്ടപ്പോഴും സ്റ്റിയറിംഗിൽ നിന്ന് വഴുതി പോകാതെ കുട്ടികളെ സുരക്ഷിതമാക്കി ലോകത്തോട് വിടപറഞ്ഞ പ്രിയപ്പെട്ട ബാബു ചേട്ടൻ നോവാകുന്നു. ചെറായി ജി.യു.പി. സ്‌കൂളിലെ വിദ്യാർഥികളെ ഓട്ടോയിൽ വീടുകളിലേക്ക് എത്തിക്കുന്നതിനിടെ കോട്ടേപ്പാട്ട് ബാബുവാണ് ഹൃദയാഘാതംമൂലം മരിച്ചത്. എന്നത്തെയും പോലെ ഇന്നലെയും സന്തോഷത്തോടെയായിരുന്നു സ്‌കൂളിൽനിന്ന് ഓട്ടോയിൽ ബാബുച്ചേട്ടന്റെ ഒപ്പം കുട്ടികൾ ഇറങ്ങിയത്.

എന്നാൽ കളിചിരികൾ പൊടുന്നനെയാണ് നിലച്ചത്. കാരണം വണ്ടി പെട്ടെന്ന് ഒതുക്കി ഡ്രൈവിങ് സീറ്റിൽ തലതാഴ്ത്തി ഇരിക്കുകയായിരുന്നു ബാബു. വിളിച്ചിട്ടും അനക്കമില്ലാതെ ആയതോടെ കുട്ടികൾ കൂട്ടനിലവിളിയായി. കുട്ടികളുടെ കരച്ചിൽ കേട്ട് ഇതുവഴി വന്ന വണ്ടിക്കാർ ബാബുവിനെ അടുത്ത വീട്ടിലേക്ക് കയറ്റിക്കിടത്തി. വായിൽനിന്ന് നുരയും പതയും കണ്ടതോടെ അപസ്മാരമാണെന്ന് ആദ്യം കരുതി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യാത്രക്കിടെ കുഴഞ്ഞുവീണെങ്കിലും തന്റെ കൈകളിൽ ഏൽപ്പിച്ച കുരുന്നുകളെ സുരക്ഷിതമാക്കിയായിരുന്നു 55കാരനായ ബാബുവിന്റെ മടക്കം. തിങ്കളാഴ്ച വൈകീട്ട് നാലോടെ ചെറായി പൊന്നരാശ്ശേരിയിലാണ് സംഭവം. ഒരുവർഷത്തോളമായി ബാബു ചെറായി ഗവ. യുപി സ്‌കൂളിൽനിന്ന് കുട്ടികളുടെ ട്രിപ്പ് എടുക്കാൻ തുടങ്ങിയിട്ട്. ഇടയ്ക്ക് വിദേശത്ത് പോയങ്കിലും പിന്നീട് മടങ്ങിവന്ന് വീണ്ടും സ്‌കൂൾ ട്രിപ്പ് തുടങ്ങുകയായിരുന്നു. ബാബുവിന്റെ ഭാര്യ: രജിത. മകൾ: അശ്വനി.

Exit mobile version