ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ട ജോണിക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടില്‍ തലചായ്ക്കാം; സ്‌നേഹവീട് സമ്മാനിച്ച് പ്രവാസിയുടെ സത്പ്രവര്‍ത്തി

കടുത്തുരുത്തി: പത്തുരൂപയുടെ സഹായം നല്‍കിയാലും സോഷ്യല്‍മീഡിയയിലൂടെയും മറ്റും നാലാളെ അറിയിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തനായി ഈ വിദേശ മലയാളി. നിര്‍ധനരായ ഒരു കുടുംബത്തിന് കൈത്താങ്ങായിട്ടും സ്വന്തം പേരു പോലും വവെളിപ്പെടുത്തരുതെന്ന് മാത്രം അറിയിച്ചിരിക്കുകയാണ് ഇദ്ദേഹം.

മേമ്മുറിയിലാണ് സഭവം. നിര്‍ധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട്ടില്‍ തലചായ്ക്കാനായി പത്ത് ലക്ഷം രൂപ ചെലവഴിച്ച് വീട് പണിതുകൊടുത്തിട്ടും പ്രശംസയ്ക്ക് കാത്തിരിക്കാതെ മാറിനില്‍ക്കുകയായിരുന്നു അദ്ദേഹം.

ഒരു അപകടത്തില്‍ ഇരുകണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെട്ട ജോണിക്കും കുടുംബത്തിനുമാണ് വിദേശമലയാളി വീട് നിര്‍മിച്ചുനല്‍കിയത്. കുടുംബം പുതിയവീട്ടില്‍ ശനിയാഴ്ച താമസമാരംഭിച്ചിരിക്കുകയാണ്.

മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളി ഇടവകാംഗമായ വിദേശ മലയാളിയാണ് മേമ്മുറി വൈരമന ജോണിക്കും കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലത്തില്‍ 650 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വീട് നിര്‍മിച്ച് നല്‍കിയത്.

വീടിന്റെ വെഞ്ചരിപ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി റവ.ഡോ. സൈറസ് വേലംപറമ്പില്‍ നിര്‍വഹിച്ചു. കാഴ്ച നഷ്ടപ്പെട്ട ജോണി ഭാര്യയ്ക്കും ഏഴാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്കും ഒപ്പം ചോര്‍ന്നൊലിച്ചിരുന്ന കൂരയിലായിരുന്നു താമസിച്ചിരുന്നത്.

ALSO READ- എനിക്ക് സ്‌കോളര്‍ഷിപ്പ് തരുമോ ഇല്ലയോ? അപേക്ഷയാണ്; പൈലറ്റാകാന്‍ ഇനിയും എത്ര കാത്തിരിക്കണം? വിഷമത്തോടെ ആദം ഹാരി

ഇവരുടെ ജീവിതം തലകീഴായി മറിഞ്ഞത് രണ്ട് വര്‍ഷം മുമ്പുണ്ടായ സ്‌കൂട്ടര്‍ അപകടം കാരണമാണ്. സ്വകാര്യബസില്‍ ക്ലീനറായും കൂലിപ്പണി ചെയ്തും കുടുംബം പുലര്‍ത്തിയിരുന്ന ജോണിയുടെ ജീവിതം ഇരുളിലാതോടെ കുടുംബം പട്ടിണിയിലായി. അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ജോണിക്ക് ചികിത്സയ്ക്കിടെയാണ് കാഴ്ച നഷ്ടപ്പെട്ടത്.

കെജെ പോള്‍ കാരിക്കാമുകളേല്‍, കുര്യന്‍ ജോസഫ് മുതുകാട്ടുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയിലെ പിതൃവേദി യൂണിറ്റാണ് വീടിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.

Exit mobile version