അയ്യനെ കാണാന്‍ അടുത്ത തവണ വരും: രണ്ടാം ജന്മം തന്ന കോട്ടയം മെഡിക്കല്‍ കോളജിനോടും ആരോഗ്യമന്ത്രിയ്ക്കും നന്ദി പറഞ്ഞ് മണികണ്ഠന്‍

പത്തനംതിട്ട: ളാഹയിലെ ബസ്സപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അയ്യപ്പഭക്ത സംഘത്തിലെ എട്ടു വയസുകാരന്‍ മണികണ്ഠന്‍ സുഖം പ്രാപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നു. കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണികണ്ഠന്‍ സുഖം പ്രാപിച്ചതോടെ ഡിസ്ചാര്‍ജ് ചെയ്തു.

കഴിഞ്ഞ മാസം 19നാണ് വിജയവാഡയില്‍ നിന്നും ശബരിമലയിലേക്ക് വന്ന സംഘമാണ് ളാഹയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. അതീവ ഗുരുതരമായി പരുക്കേറ്റ മണികണ്ഠനെ വിദഗ്ധ ചികിത്സയ്ക്കായി അന്നു തന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. കരള്‍, ശ്വാസകോശം, കൈ, കാല് തുടങ്ങിയ പല ഭാഗങ്ങളില്‍ പരുക്കുകളുണ്ടായിരുന്നു. മുതുകിന്റെ ഭാഗത്ത് തൊലിയും മസിലും നഷ്ടമായിരുന്നു. ഉടന്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കുകയും അന്നു തന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

പിന്നീട് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തൊലിയും മസിലും വച്ചു പിടിപ്പിച്ചു. പ്രഷര്‍ ട്രെയിനേജ് ചികിത്സയും നല്‍കി. അതും വിജയകരമായി. ആദ്യ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവിലും തുടര്‍ന്ന് പീഡിയാട്രിക് സര്‍ജറി ഐസിയുവിലും പിന്നീട് വാര്‍ഡിലും ചികിത്സ നല്‍കി. ആശുപത്രിയിലെ മികച്ച പരിചരണത്തിലൂടെ മണികണ്ഠന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

Read Also: വന്നു.. കണ്ടു.. മനസ്സ് നിറഞ്ഞു: അവശതകളെ അതിജീവിച്ച് ടിപി മാധവന്‍ ഐഎഫ്എഫ്‌കെ വേദിയിലെത്തി


ആന്ധ്രാ പ്രദേശിലെ എലുരുവിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മണികണ്ഠന്‍.
അയ്യപ്പനോട് വലിയ ആരാധനയാണ്. മകന്റെ പേരുപോലും മണികണ്ഠനെന്നാണ്. അടുത്ത വര്‍ഷവും ശബരിമലയില്‍ വരും. അപ്പോള്‍ വീണ്ടും കാണാമെന്ന് ആശുപത്രിയിലുള്ളവരോട് യാത്ര പറഞ്ഞാണ് മണികണ്ഠനും അച്ഛന്‍ നാഗ വെങ്കിട്ട കൃഷ്ണ റാവുവും യാത്ര പറഞ്ഞത്.

27 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ മണികണ്ഠന് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സമ്മാനങ്ങളും നല്‍കിയാണ് യാത്രയാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ മണികണ്ഠനും പിതാവും വിളിച്ച് സന്തോഷം പങ്കുവച്ചു. വിദഗ്ധ ചികിത്സ ലഭ്യമാക്കിയതിന് നന്ദിയും പറഞ്ഞു.

Exit mobile version