കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോയ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോയ മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്.

കാസര്‍കോട്: കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോയ മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കാസര്‍കോട് മധൂര്‍ രാംനഗര്‍ സ്വദേശി ചേതന്‍ കുമാര്‍ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത തടസം നേരിട്ടു. ബസിലുണ്ടായിരുന്ന എല്ലാവരെയും ഇവിടെ നിന്ന് മാറ്റിയ ശേഷം ഫയര്‍ഫോഴ്സ് എത്തിച്ച ക്രെയിന്‍ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റിയിട്ടു.

ALSO READ പ്രണയിച്ച് വിവാഹം കഴിച്ചത് 11മാസം മുൻപ്; തുടർപഠനത്തിന് സമ്മതിക്കാതെ ഭർത്താവ്; ഒന്നരമാസം ഗർഭിണിയായ 19കാരി ജീവനൊടുക്കിയ നിലയിൽ

പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. മരിച്ച ചേതന്‍ കുമാറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധനക്ക് വിധേയമാക്കും.

Exit mobile version