ജാതി പറഞ്ഞ് ആഭ്യന്തര മന്ത്രി സ്ഥാനം ചോദിച്ച് വാങ്ങിയവരാണ്, വനിതാ മതില്‍ ജാതി മതിലാണെന്ന് പറയുന്നത്! ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സുകുമാരന്‍ നായരേയും കടന്നാക്രമിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജാതി പറഞ്ഞ് ആഭ്യന്തര മന്ത്രി സ്ഥാനം ചോദിച്ച് വാങ്ങി കാര്യം എല്ലാവര്‍ക്കും അറിയാം. ഇത്തരത്തില്‍ ജാതി പറഞ്ഞ് അധികാരം ചോദിച്ചു വാങ്ങുന്നവരാണ് ജാതി വേര്‍തിരിവിനെ കുറിച്ച് സംസാരിക്കുന്നതെന്ന് ചെന്നിത്തലയേ വിമര്‍ശിച്ച് വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിലില്‍ സംസാരിക്കവേയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

വനിതാ മതില്‍ ജാതി മതിലാണെന്നും ആളുകളെ വേര്‍തിരിക്കുന്നതാണെന്നുമാണ് രമേശ് ചെന്നിത്തലയും സുകുമാരന്‍ നായരും ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജാതി പറഞ്ഞ് ആഭ്യന്തര മന്ത്രി സ്ഥാനം ചോദിച്ച് വാങ്ങിയത് എല്ലാവര്‍ക്കും അറിയാം. അന്ന് ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍ സ്ഥാനം ലഭിക്കണമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അതായത് നായര്‍ സമുദായക്കാരനായ തനിക്ക് ആഭ്യന്തരം നല്‍കണമെന്നാണ് പറഞ്ഞത്. ഇത്തരത്തില്‍ ജാതി പറഞ്ഞ് അധികാരം ചോദിച്ചു വാങ്ങുന്നവരാണ് ജാതി വേര്‍തിരിവിനെ കുറിച്ച് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൂടാതെ സര്‍ക്കാരിനെ പ്രശംസിച്ച വെള്ളാപ്പള്ളി, സംഘടനാമനോഭാവത്തോടെ ഇത്രയധികം ആളുകളെ അണിനിരത്താന്‍ പിണറായി വിജയന്‍ മാത്രമേ കഴിയൂ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Exit mobile version