പറക്കുംതളിക’യായി കെഎസ്ആര്‍ടിസി ബസിന്റെ കല്ല്യാണ യാത്ര: ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: നിയമലംഘനം നടത്തി കെഎസ്ആര്‍ടിസി ബസ് കല്യാണയാത്ര നടത്തിയതില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ബസോടിച്ച കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എന്‍.എം. റഷീദിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം ഡ്രൈവര്‍ ബോധിപ്പിക്കണം. പരാതിയില്‍ തുടര്‍നടപടി ഉണ്ടാകുമെന്നും ജോയിന്‍റ് ആര്‍.ടി.ഒ പറഞ്ഞു.

‘പറക്കുംതളിക’ സിനിമ മോ‍ഡലിൽ താമരാക്ഷൻപിള്ളയായി കല്യാണ ഓട്ടത്തിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. മുൻവശത്തെ കാഴ്ച മറയ്ക്കും രീതിയിൽ വഴി കാണാത്ത വിധം അലങ്കാരം നടത്തി ബസ് നിരത്തിലിറക്കിയതിനാണ് കേസ്. കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു.

സംഭവം വിവാദമായതിന് പിന്നാലെ വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സർവീസിന് അയക്കരുതെന്ന് കെഎസ്ആർടിസി കോതമംഗലം ഡിപ്പോ അധികൃതരോട് എംവിഡി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സർവീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഡ്രൈവറോട് ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാൻ ജോയിന്‍റ് അർടിഒ നിർദേശവും നൽകിയിരുന്നു. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് താൽക്കാലിമായി സസ്പെൻഡ് ചെയ്യും.

ഇന്നലെ രാവിലെയാണ് കെഎസ്ആർടിസി ബസ് ദിലീപ് ചിത്രമായ ‘പറക്കും തളിക’യിലെ ബസിനെ അനുസ്മരിപ്പിക്കും വിധം ‘അലങ്കരിച്ച്’ ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് അലങ്കരിച്ചിരുന്നത്. കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സർവീസ് നടത്തിയത്.

Exit mobile version