ജോലി സമയത്ത് മദ്യപാനം; മദ്യക്കുപ്പി കൈവശം വെയ്ക്കൽ; 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി; 74 സസ്‌പെൻഷൻ, 26 പേർക്ക് ജോലി പോയി

തിരുവനന്തപുരം: ഡ്യൂട്ടിസമയത്ത് മദ്യപിച്ചതും മദ്യം സൂക്ഷിച്ചതും ഉൾപ്പടെയുള്ള കുറ്റകൃത്യം ചെയ്‌തെന്ന് കണ്ടെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. ഈ മാസം ഒന്ന് മുതൽ 15 വരെ കെഎസ്ആർടിസി നടത്തിയ പ്രത്യേക പരിശോധനയിലാണ് നടപടിയെടുത്തത്. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ അടക്കമുള്ളവരാണ് മദ്യപിച്ച് ജോലിക്കെത്തി നടപടി നേരിട്ടിരിക്കുന്നത്.

60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർ, ഒരു സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരം മെക്കാനിക്ക്, ഒരു ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, 9 ബദൽ കണ്ടക്ടർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദൽ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരെയാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിന് പിടികൂടിയത്.

തുടർന്ന് കെഎസ്ആർടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു. 26 പേരെ സർവീസിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇവർ സ്വിഫ്റ്റിലെ താത്ക്കാലിക ജീവനക്കാരോ കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരോ ആണ്.

ALSO READ- 200 കോടിയും സര്‍വ സമ്പാദ്യങ്ങളും ദാനം ചെയ്തു; സന്യാസ ജീവിതം സ്വീകരിച്ച് ബിസിനസ് ദമ്പതികള്‍

വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച്, മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ജോലിക്ക് നിയോഗിക്കുവാൻ പാടുള്ളൂ എന്ന ഉത്തരവും നിലവിലുണ്ട്. തുടർന്ന് ഈ മാസം ഒന്ന് മുതൽ 15 വരെ പ്രത്യേക പരിശോധന നടത്തിയത്.

Exit mobile version