മഴയത്ത് ബൈക്കില്‍ സോപ്പ് തേച്ച് കുളിച്ച് സഞ്ചാരം; കൊല്ലത്ത് ‘കൗതുകക്കുളി’ നടത്തിയ യുവാക്കളെ പിടികൂടി പോലീസ്

ശാസ്താംകോട്ട: മഴയത്ത് ബൈക്കില്‍ സഞ്ചരിച്ചുകൊണ്ട് സോപ്പ് തേച്ചു കുളിച്ച യുവാക്കള്‍ പോലീസിന്റെ പിടിയിലായി. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെയാണ് ഗതാഗത നിയമം ലംഘിച്ച കുറ്റം ചുമത്തി പോലീസ് പിടികൂടി.

നാലു ദിവസം മുമ്പായിരുന്നു സംഭവം. ഭരണിക്കാവ് ജങ്ഷനിലൂടെയാണ് യുവാക്കള്‍ കുളിച്ചുകൊണ്ട് യാത്ര നടത്തിയത്. അര്‍ദ്ധ നഗ്‌നരായി സോപ്പ് തേച്ചുകുളിക്കുന്ന ഇവരുടെ യാത്ര ആരോ വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ശാസ്താംകോട്ട പോലീസിന്റെ പക്കല്‍ ഈ ദൃശ്യങ്ങളെത്തിയതോടെയാണ് പോലീസ് വിളിപ്പിച്ചത്. ഇതോടെ ഇന്നലെ വൈകീട്ടോടെയാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്.

‘ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് വരുമ്പോള്‍ മഴ പെയ്തു. ഇതോടെ കുളിക്കാനുള്ള കൗതകത്തിന് വേണ്ടി ചെയ്തതാണ്’- എന്നാണ് യുവാക്കള്‍ പോലീസിന് നല്‍കിയ മൊഴി.

ALSO READ- അയല്‍വാസിയുടെ വീട്ടുമുറ്റത്തെ കാര്‍ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

അതേസമയം, യുവാക്കള്‍ ലഹരിയോ മറ്റു പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചായിരുന്നില്ല ഇത്തരം പ്രകടനം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. ഗതാഗത നിയമം ലംഘിച്ചതിന് കേസെടുത്ത പോലീസ് ഇരുവരില്‍ നിന്നും പിഴ ഈടാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു.

Exit mobile version