‘തീരെ സുഖമില്ല, എനിക്ക് പറ്റൂല്ല വാവേ’, എന്നെ മറക്കരുതെന്ന് ഷാരോണ്‍; ബിഎയ്ക്ക് റാങ്ക്, പഠനത്തില്‍ മിടുക്കിയായ ഗ്രീഷ്മ ഷാരോണിന്റെ ജീവനെടുത്തത് ഭാര്യയായി അഭിനയിച്ച്

തിരുവനന്തപുരം: ഒരു ബസ് യാത്രയില്‍ തുടങ്ങിയ സൗഹൃദമാണ് ഗ്രീഷ്മയും ഷാരോണും തമ്മില്‍. സ്ഥരിമായി കോളേജിലേക്ക് പോകുന്ന ബസില്‍ വെച്ച് കണ്ട് പരിചയപ്പെട്ട ഇരുവരും ഒരുവര്‍ഷത്തോളമായി അഗാധമായ പ്രണയയത്തിലുമായിരുന്നു.

അഴകിയമണ്ഡപം മുസ്ലിം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥിനിയായ ഗ്രീഷ്മയും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥിയായ ഷാരോണും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. ഗ്രീഷ്മയോടൊപ്പം അഴകിയമണ്ഡപത്ത് ഇറങ്ങുന്ന ഷാരോണ്‍ നെയ്യൂരിലേക്കുള്ള ബസിനായി ഇവിടെ കാത്തുനില്‍ക്കുന്നതും പതിവായിരുന്നു. പിന്നീട് ഷാരോണിന്റെ വാഹനത്തിലായി സഞ്ചാരം. ഇരുവരും യാത്രകളും പോയിരുന്നു.

ഇതിനിടെ ഗ്രീഷ്മ ഷാരോണുമായി അകലാന്‍ തുടങ്ങി. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ മാനസികമായി പൂര്‍ണമായും ഷാരോണില്‍ നിന്നും അകന്ന ഗ്രീഷ്മ പിന്നീട് നടത്തിയതെല്ലാം നാടകം മാത്രമായിരുന്നു.

ഒടുവില്‍ ഷാരോണിനെ വിളിച്ചുവരുത്തി വിഷം നല്‍കി ജീവനെടുക്കുന്ന നിലയിലേക്ക് വരെ ഗ്രീഷ്മയുടെ മനസ് മാറിയിരുന്നു. അവശനിലയില്‍ ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും ഷാരോണിനോട് വിഷം നല്‍കിയ കാര്യം ഗ്രീഷ്മ പറഞ്ഞിരുന്നില്ല. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടര്‍മാരും പറയുന്നു.

also read- ഷാരോണ്‍ വധക്കേസും, നരബലി കേസും; കേരളത്തിലെ അന്ധവിശ്വാസ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണം: അല്‍ഫോണ്‍സ് പുത്രന്‍

പഠനത്തില്‍ ഏറെ മിടുക്കിയായിരുന്നു ഗ്രീഷ്മ. ബിഎയ്ക്ക് എട്ടാം റാങ്ക് നേടിയിരുന്നു. എന്നാല്‍ എംഎ പഠനത്തില്‍ പിന്നോട്ട് പോയി. ഇക്കാര്യം ഗ്രീഷ്മയുടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പ്രണയബന്ധം അറിഞ്ഞത്. തുടര്‍ന്ന് ഷാരോണുമായിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നാണ് ഗ്രീഷ്മ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. ഇതോടെയാണ് പട്ടാളക്കാരനായ യുവാവുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചത്.

ഇടയ്ക്ക് പിണങ്ങിയെങ്കിലും വിവാഹ നിശ്ചയശേഷം വീണ്ടും ഷാരോണുമായി ബന്ധം പുതുക്കിയ ഗ്രീഷ്മ, ജാതകപ്രകാരം ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിച്ചുപോകുമെന്നും നവംബറിന് ശേഷമേ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കഴിയൂ എന്നും ഷാരോണിനെ വിശ്വസിപ്പിച്ചിരുന്നു.

താലിയും സിന്ദൂരവും കൊണ്ടുവന്ന് മകനെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുക ആയിരുന്നെന്നും അവളുടെ അന്ധവിശ്വാസമാണ് മകന്റെ ജീവനെടുത്തത് എന്നുമാണ് ഷാരോണിന്റെ അമ്മ ആരോപിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നില്ലെന്ന് പോലീസ് പറയുന്നു. ഗ്രീഷ്മയുടെത് ലവ്-ഹേറ്റ് റിലേഷന്‍ഷിപ്പായിരുന്നു എന്നും ഷാരോണിനെ ഒഴിവാക്കാനായിട്ടാണ് വിഷം നല്‍കിയതെന്നും പോലീസ് പറയുന്നുണ്ട്.

ഇതിനിടെ, അവശനിലയില്‍ ഷാരോണ്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും ഗ്രീഷ്മ നാടകം തുടര്‍ന്നു. തന്റെ വീട്ടില്‍ നിന്ന് വിഷമുള്ളതൊന്നും ഷാരോണിന് നല്‍കിയില്ലെന്നും അങ്ങനെ സംശയമുണ്ടെങ്കില്‍ സിന്ദൂരം മായ്ക്കാന്‍ തയ്യാറാണ്. സിന്ദൂരം ചാര്‍ത്തിയ ആളോട് അങ്ങനെ ഒന്നും ചെയ്യില്ലെന്നും ഷാരോണിന്റെ അവസ്ഥ അറിഞ്ഞശേഷം കരയാന്‍ പോലുമാകാത്ത അവസ്ഥയിലാണെന്നുമൊക്കെയാണ് ഗ്രീഷ്മ ഷാരോണിന്റെ അച്ഛന്‍ ജയരാജിനോട് പറഞ്ഞിരുന്നത്.

also read- ‘സോറി ഇച്ചായാ, ഞാന്‍ അങ്ങനെ ചെയ്യോ?’, വിഷം നല്‍കിയിട്ടും കണ്ണീരൊഴുക്കി ഗ്രീഷ്മ; മരണ കിടക്കയിലും അവളെ വിശ്വസിച്ച് ഷാരോണ്‍; മുന്‍പും വിഷം നല്‍കിയെന്ന് ബന്ധുക്കള്‍

മരണക്കിടക്കയിലും ഗ്രീഷ്മയെ ഷാരോണ്‍ വിശ്വസിച്ചിരുന്നു. അവള്‍ തന്നെ വഞ്ചിക്കില്ലെന്ന് ഷാരോണ്‍ ഉറച്ചുവിശ്വസിച്ചു. ‘സോറി ഇച്ചായാ. ഞാന്‍ ഇത്രേം പ്രതീക്ഷിച്ചില്ല. കഷായം കുടിച്ചശേഷം എനിക്കും ഛര്‍ദിയുണ്ടായിരുന്നു. ജ്യൂസ് കൂടി കുടിച്ചതുകൊണ്ടായിരിക്കും ഛര്‍ദിലുണ്ടായത്. അതാണോ ഇനി പ്രശ്‌നമുണ്ടായത് എന്ന് അറിയില്ല. ടേസ്റ്റ് വ്യത്യാസം ഉണ്ടായിരുന്നോ കുടിച്ച സമയത്ത്”-എന്നാണ് വൈകാരികമായി ഗ്രീഷ്മ ഷാരോണിനോട് ചോദിക്കുന്നത്.

പല തവണയായി ഷാരോണ്‍ കഷായത്തെക്കുറിച്ചും ജ്യൂസിനെക്കുറിച്ചും ഗ്രീഷ്മയോടു ചോദിച്ചെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്ന് തറപ്പിച്ചു പറയുന്നുണ്ട്. വൈകാരികമായി പൊട്ടിക്കരഞ്ഞായിരുന്നു മറുപടിയും.

‘ആശുപത്രിയിലാണ്, തീരെ സുഖമില്ല, എനിക്ക് പറ്റൂല്ല വാവേ, എന്നെ മറക്കരുത്’- എന്നാണ് അവസാനത്തെ ചാറ്റില്‍ ഷാരോണ്‍ പറയുന്നത്. അതിന് മറുപടിയായി സ്നേഹത്തിന്റെ സ്മൈലിയും ഞാനും അങ്ങനെതന്നെ പറയട്ടെ എന്നും ഗ്രീഷ്മ തിരിച്ചു പറയുന്നുണ്ട്.

Exit mobile version