പ്രമുഖ നടന്റെ ഫാന്‍ ഗ്രൂപ്പിലൂടെ സൗഹൃദം; ഒളിച്ചോടിയെങ്കിലും യുവാവിന്റെ വീട്ടിലേക്കില്ലെന്ന് അഞ്ചുവയസുകാരന്റെ അമ്മ; പോലീസ് സ്‌റ്റേഷനില്‍ കൈഞരമ്പ് മുറിച്ച് യുവാവ്; നാടകീയം!

കോഴിക്കോട്: വിവാഹിതയായ യുവതി ഒളിച്ചോടിയെങ്കിലും പോലീസ് സ്‌റ്റേഷനിലെത്തിയതോടെ മനംമാറ്റവും പിന്നാലെ യുവാവിന്റെ ആത്മഹത്യാശ്രമവും. തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിക്കൊപ്പം കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്റ്റേഷനില്‍ ഹാജരായ യുവാവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശിയും ഇരുപത്തിയാറുകാരിയുമായ വിവാഹിതയാണ് നിലമ്പൂര്‍ കരുളായി സ്വദേശി അക്ബറലി(24)യ്ക്ക് ഒപ്പം ഇറങ്ങിപ്പോയത്. പ്രമുഖ യുവ തമിഴ്നടന്റെ ഫാന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ വാട്സാപ്പ് ഗ്രൂപ്പില്‍ ഇരുവരും അംഗങ്ങളായിരുന്നു. തുടര്‍ന്ന് അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസ് ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇരുവരും കോഴിക്കോട് വനിതാസ്റ്റേഷനില്‍ എത്തുന്നത്. തങ്ങള്‍ രണ്ടുപേരും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചെന്നും പറഞ്ഞാണ് ഇവര്‍ വനിതാസ്റ്റേഷനിലെത്തിയത്.

പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പോലീസ് സ്റ്റേഷന് പുറത്തുവെച്ച് ബ്ലേഡ് കൊണ്ട് യുവാവ് കൈ ഞരമ്പ് മുറിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം.

അതേസമയം, വ്യാഴാഴ്ച മുതല്‍ യുവതിയെ കാണാതായതോടെ തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഇതോടെ തിരുവനന്തപുരത്ത് കേസുള്ളതിനാല്‍ യുവതിയെ കസ്റ്റഡിയില്‍ വെക്കാന്‍ പോലീസ് തീരുമാനിച്ചു.

also read- അജ്ഞാതന്‍ നല്‍കിയ ജ്യൂസ് കുടിച്ച് അശ്വിന്‍ മരിച്ചത് ഷാരോണിന്റെ മരണത്തിന് സമാനം; രണ്ട് സംഭവവും ഏഴ് കി.മി ചുറ്റളവില്‍; കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഇതിനിടയിലാണ് യുവാവും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. യുവാവിനൊപ്പം മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും തര്‍ക്കമുണ്ടായത്. താന്‍ യുവാവിനൊപ്പം പോകുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ഇതോടെ യുവാവ് കടയില്‍പ്പോയി ബ്ലേഡ് വാങ്ങി കൈമുറിച്ച് സ്റ്റേഷനില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് വനിതാപോലീസ് വിവരം സിറ്റി കണ്‍ട്രോള്‍റൂമില്‍ അറിയിക്കുകയും കൂടുതല്‍ പോലീസെത്തി യുവാവിനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് വനിതാപോലീസ് എത്തിയാല്‍ യുവതിയെ അങ്ങോട്ട് കൊണ്ടുപോകും.

Exit mobile version