അജ്ഞാതന്‍ നല്‍കിയ ജ്യൂസ് കുടിച്ച് അശ്വിന്‍ മരിച്ചത് ഷാരോണിന്റെ മരണത്തിന് സമാനം; രണ്ട് സംഭവവും ഏഴ് കി.മി ചുറ്റളവില്‍; കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യം

നാഗര്‍കോവില്‍: അജ്ഞാതന്‍ നല്‍കിയ പാനീയം കുടിച്ചതിനെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്കടക്കം പൊള്ളലേറ്റ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്‍(11) മരിച്ച സംഭവം വീണ്ടും ചര്‍ച്ചയാകുന്നു. ഷാരോണ്‍ രാജെന്ന 23കാരന്‍ ജ്യൂസ് കുടിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം സമാനമായ ലക്ഷണങ്ങളോടെയാണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റാണ് ഷാരോണിനും മരണം സംഭവിച്ചത്.

ഷാരോണ്‍ മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് അശ്വിന്‍ മരിക്കുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോകാന്‍ ബസ് കാത്തുനില്‍ക്കവെ, യൂണിഫോം ധരിച്ച ഒരു വിദ്യാര്‍ഥി നല്‍കിയ ജ്യൂസ് കഴിച്ചാണ് കളിയിക്കാവിള മെതുകമ്മല്‍ സ്വദേശി അശ്വിന്‍ മരിച്ചത്.

ഷാരോണിന്റെ മരണത്തിന് പിന്നാലെ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അശ്വിന്റെ മാതാപിതാക്കള്‍ രംഗത്തെത്തി. സുഹൃത്തായ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് ജ്യൂസും കഷായവും കുടിച്ച യുവാവ് കഴിഞ്ഞ ദിവസം പാറശാലയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതം.

ഈ സംഭവത്തിന് അശ്വിന്റെ മരണവുമായി സമാനതകളേറെ ഉണ്ടെന്നും അശ്വിന്റെ മാതാപിതാക്കളായ കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലും ഭാര്യ സോഫിയയും പ്രതികരിച്ചു. വ്യത്യസ്തമായ സാഹചര്യങ്ങളിലാണു മരണമെങ്കിലും ഏഴ് കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നത്.

also read- കാലി കടത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സഹോദരന്മാരുടെ സ്വത്ത് കണ്ടുകെട്ടി യുപി പോലീസ്; പിടിച്ചെടുത്തത് 19 കോടി മൂല്യമുള്ള സ്വത്ത്

അശ്വിന്റെയും കഴിഞ്ഞ ദിവസം മരിച്ച മുര്യങ്കര ജെപി ഹൗസില്‍ ഷാരോണ്‍ രാജിന്റെയും മരണം ഒരു പോലെയാണെന്നും സുനില്‍ പറയുന്നു. പാറശാലയിലെ കേസ് ഞെട്ടിപ്പിക്കുന്നതാണ്. മകന്റെ കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് സിബിസിഐഡിയില്‍ ഷാരോണിന്റെ മരണം അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കളിയിക്കാവിള പോലീസ് നടത്തിവന്ന അന്വേഷണം കഴിഞ്ഞ ദിവസമാണ് സിബിസിഐഡിക്ക് കൈമാറിയത്.

Exit mobile version