മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത സംഭവം: ‘ജയ്ഗുരു’,’ജീസസ്’ ടൂറിസ്റ്റ് ബസ് ഉടമകള്‍ അറസ്റ്റില്‍

തൃശൂര്‍: പത്രഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് ടൂറിസ്റ്റ് ബസ് ഉടമകള്‍ അറസ്റ്റില്‍. ‘ജയ്ഗുരു’ ടൂറിസ്റ്റ് ബസുടമ തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശി സുജിത് സുധാകരന്‍, ‘ജീസസ്’ ടൂറിസ്റ്റ് ബസുടമ മറ്റം സ്വദേശി ദിലീഷ് ജോസ് എന്നിവരെയാണ് ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്തുന്നതിനിടെ ‘ജന്മഭൂമി’ ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ പോളിനെയാണ് പ്രതികള്‍ കൈയേറ്റം ചെയ്തത്.

കഴിഞ്ഞ 12ന് ഉച്ചയോടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വെച്ചായിരുന്ന സംഭവം. ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് കളര്‍കോഡില്ലാതെ തൃശൂര്‍ നഗരത്തിലെത്തിയ ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്താന്‍ തേക്കിന്‍കാട് മൈതാനത്തിലെത്തിയതായിരുന്നു ജീമോന്‍. ചിത്രം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത് തടഞ്ഞുവയ്ക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Read Also: ‘തെങ്ങില്‍ ഉണങ്ങിയ തേങ്ങയും ഓലയുമുണ്ട്’: പത്മയുടെ ഫോണ്‍ തിരയുന്ന പോലീസ് ഭഗവല്‍ സിംഗിന്റെ കരുതല്‍


പിന്നീട് പോലീസെത്തിയാണ് ജീമോനെ മോചിപ്പിച്ചത്. തുടര്‍ന്ന് ബസുടമകള്‍ തന്നെ ഫോട്ടോഗ്രാഫറെ അപമാനിക്കുന്നതിനായി കൈയേറ്റം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നേതൃത്വം ഡിജിപി യ്ക്ക് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണ ചുമതല തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയെ ഏല്‍പ്പിച്ചിരുന്നു. കേസിലെ മറ്റുപ്രതികളേയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version