ഇപ്പോ എല്ലാവര്‍ക്കും നല്ല സ്‌നേഹമാണ് ഇനി അതൊക്കെ മാറും!’ഏജന്‍സിയില്‍ വെച്ച് തന്നെ കുറെ പേര്‍ പണം ചോദിച്ചിട്ടുണ്ട്, വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്’; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ അനൂപ് പറയുന്നു

തിരുവനന്തപുരം: അപ്രതീക്ഷിതമായി ഓണം ബമ്പര്‍ കോടീശ്വരനാക്കിയ സന്തോഷത്തിലാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. ഓട്ടോ ഡ്രൈവറായ അനൂപിനെയാണ് ഇത്തവണ ഭാഗ്യദേവത അനുഗ്രഹിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ ടിക്കറ്റെടുത്തപ്പോഴും ഓണം ബമ്പര്‍ ഇത്തവണ തനിക്കാകുമെന്ന് അനൂപ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ ഇനിയും ലോട്ടറി എടുക്കുന്നത് തുടരുമെന്നും അനൂപ് പറയുന്നു.

ലോട്ടറി അടിച്ചതിന് പിന്നാലെ ഇനി തന്റെ ജീവിതത്തിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും അനൂപ് പറയുന്നു. ഏജന്‍സിയില്‍ വെച്ച് തന്നെ കുറെ ആള്‍ക്കാര്‍ പണം ചോദിക്കാന്‍ തുടങ്ങിയിരുന്നു. കുറെ ആളുകള്‍ വിളിച്ചിട്ട് വീട്ടിലേക്ക് വരാം, സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോള്‍ തന്നെ ടെന്‍ഷനാണ്.

മാത്രമല്ല, ബന്ധുക്കളൊക്കെ ഇനി പിണങ്ങാന്‍ തുടങ്ങും. എത്ര കൊടുത്താലും ആളുകള്‍ക്ക് തൃപ്തി വരില്ല. പിന്നെയും പറയും. ഇപ്പോ എല്ലാവരും നല്ല സ്‌നേഹത്തിലാണ്, ഇനിയതൊക്കെ മാറുമെന്നും അനൂപ് ആശങ്ക പങ്കുവക്കുന്നു.

Read Also: ‘എന്റെ ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ കാരണം ഭര്‍ത്താവ്’: യുവ അഭിഭാഷക ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തു; ഭര്‍ത്താവ് അറസ്റ്റില്‍

ഹോട്ടലില്‍ ജോലി ചെയ്തും ഓട്ടോ ഓടിച്ചുമാണ് അനൂപ് കുടുംബം നോക്കിയിരുന്നത്. മലേഷ്യയിലേക്ക് പോകാന്‍ സഹകരണ ബാങ്കില്‍ നിന്ന് ഇന്നലെ പാസായ അഞ്ച് ലക്ഷത്തിന്റെ വായ്പ, ലോട്ടറി അടിച്ചതോടെ വേണ്ടെന്ന് അനൂപ് വിളിച്ച് പറഞ്ഞിട്ടുണ്ട്. ഇനി നാട്ടില്‍ തന്നെ ഹോട്ടല്‍ ബിസിനസ് നടത്തി ഭാര്യ മായക്കും മകന്‍ അദ്വൈതിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പം നാട്ടില്‍ തന്നെ കൂടാനാണ് അനൂപിന്റെ തീരുമാനം.

25 കോടി ഒന്നാം സമ്മാനമടിച്ച ഭാഗ്യവാന് കൈയ്യില്‍ കിട്ടുന്നത് 15.75 കോടി രൂപയാണ്. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും പിരിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം 5 കോടി രൂപ ഒരാള്‍ക്ക്. മൂന്നാം സമ്മാനം ഒരുകോടി രൂപ വീതം പത്തുപേര്‍ക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങളാണുള്ളത്. 9 പേര്‍ക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവുമുണ്ട്.

Exit mobile version