‘എന്റെ ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ കാരണം ഭര്‍ത്താവ്’: യുവ അഭിഭാഷക ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തു; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: ചടയമംഗലത്ത് ഭര്‍തൃ വീട്ടില്‍ യുവഅഭിഭാഷക തൂങ്ങി മരിച്ച സംഭവത്തില്‍ ഐശ്വര്യയുടെ ഡയറിക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തില്‍ ഭര്‍ത്താവ് കണ്ണന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരപീഡനമാണ് ഐശ്വര്യ നേരിട്ടതെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാണെന്ന് പോലീസ് പറയുന്നു. നിസാര കാര്യങ്ങള്‍ക്കുപോലും ഉപദ്രവിക്കുമെന്നും ഡയറിക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊടിയ പീഡനമാണ് ഭര്‍തൃ വീട്ടില്‍ നിന്നും ഏല്‍ക്കുന്നത്.

ചടയമംഗലം പോലീസ് ആത്മഹത്യ പ്രേരണ, ഗാര്‍ഹികപീഡനം എന്നിവയടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. അഭിഭാഷകനാണ് കണ്ണന്‍ നായര്‍.

ഐശ്വര്യയുടെ വീട്ടില്‍ നിന്നും ഐശ്വര്യ ഉപയോഗിച്ചിരുന്ന ഡയറി കണ്ടെത്തി. അതില്‍ ഐശ്വര്യ അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചും, തന്റെ ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതിനു കാരണം ഭര്‍ത്താവായ കണ്ണന്‍ നായരാണെന്നും എഴുതിയിട്ടുണ്ട്.

സെപ്റ്റംബര്‍ പതിനഞ്ചാം തിയതിയാണ് ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷം ഒരു വര്‍ഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗണ്‍സിലിംഗ് നടത്തി ഒരുമിച്ചു താമസിച്ചുവരുകയുമായിരുന്നു.

എന്നാല്‍ തന്റെ സഹോദരി ഭര്‍ത്താവില്‍ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തില്‍ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പോലീസില്‍ ഐശ്വര്യയുടെ സഹോദരന്‍ പരാതി നല്‍കിയിരുന്നു.

Exit mobile version