ബംപര്‍ വിജയി അനൂപിന്റെ ‘സങ്കടക്കഥ’ ബിബിസിയും ഏറ്റെടുത്തു: രഹസ്യമാക്കി വയ്ക്കണമായിരുന്നെന്ന് ഉപദേശവും

തിരുവനന്തപുരം: കഴിഞ്ഞദിവസമാണ് ഓണം ബംപര്‍ വിജയി അനൂപ്, താന്‍ ബംപര്‍ വിജയിയായതോടെ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ വെളിപ്പെടുത്തിയത്. സഹായം ആവശ്യപ്പെട്ട് വരുന്നവരെകൊണ്ട് ജീവിതം പ്രതിസന്ധിയിലാണെന്നാണ് അനൂപ് വീഡിയോയില്‍ പറഞ്ഞത്.

വീട്ടില്‍ നിരന്തരം ആളുകള്‍ സഹായം തേടിയെത്തുകയാണ്. സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വീടുകള്‍ മാറി മാറിയാണ് നില്‍ക്കുന്നത്. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നൊക്കെയാണ് അനൂപ് പറയുന്നത്.

അസുഖമായ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ല. വീട് മാറിപ്പോകാന്‍ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു. രണ്ടു വര്‍ഷം കഴിയാതെ പണം ഒന്നും ചെയ്യില്ലെന്നും അനൂപ് വ്യക്തമാക്കിയിരുന്നു. അനൂപിന്റെ ഈ അവസ്ഥ ഇപ്പോള്‍ ബിബിസി പോലും ഏറ്റെടുത്തിരിക്കുകയാണ്.

Read Also: യൂസഫലിയുടെ യാത്രകള്‍ ഇനി മെയ്ബ ജിഎല്‍എസ് 600 ല്‍

ബിബിസി ന്യൂസിലെ വാര്‍ത്തയ്ക്ക് India jackpot winner fed up with requests for help എന്നാണ് തലക്കെട്ട്. അനൂപിന്റെ ചിത്രവും വാര്‍ത്തയിലുണ്ട്. ഇപ്പോള്‍ ഒന്നാം സമ്മാനം കിട്ടണം എന്നില്ലായിരുന്നു. മൂന്നാം സമ്മാനം കിട്ടിയാല്‍ മതിയായിരുന്നെന്നും അനൂപ് പറയുന്നു.

അതേസമയം ബിബിസി ന്യൂസ് ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത ലിങ്കിന് താഴെ വരുന്ന വിദേശികളുടെ കമന്റുകള്‍ രസകരമാണ്. ലോട്ടറി അടിച്ച വിവരം രഹസ്യമാക്കി വയ്ക്കണമായിരുന്നു എന്നാണ് പല വിദേശ രാജ്യക്കാരും പറയുന്നത്.

ഒപ്പം ഞങ്ങള്‍ക്കും സഹായം ആവശ്യമുണ്ടെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ ബാങ്ക് അക്കൗണ്ട് പറഞ്ഞു തരാം എന്ന് ചില രസികന്മാരും പറയുന്നുണ്ട്. ദാനം ചെയ്യുന്നത് നല്ലതാണെന്ന് ചിലര്‍ പറയുന്നു.

‘നല്‍കുന്നവര്‍ ഒരിക്കലും പരാജയപ്പെടില്ല, അവര്‍ എന്നും ഒന്നാമതായിരിക്കും’ എന്നാണ് മറ്റൊരു ഉപദേശം. എന്നാല്‍ വാങ്ങുന്നവര്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. എന്നാല്‍ കൊടുക്കുന്നവര്‍ക്ക് ചില നിയന്ത്രണങ്ങളുണ്ടെന്ന് ഇതിന് മറുപടിയും ഉണ്ട്. നല്ല ധന മാനേജ്‌മെന്റ് പഠിക്കൂ, അത് ഉപകരിക്കും എന്ന ഉപദേശവും വിദേശികള്‍ നല്‍കുന്നുണ്ട്.

Exit mobile version