വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം, വിവാഹം കഴിച്ചത് നാല് മാസം മുന്‍പ്; ഒടുവില്‍ തിരുവോണദിനത്തില്‍ ജീവനൊടുക്കി സംജിത; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിടുന്നതിനിടെ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവോണ ദിനത്തില്‍ പേരുര്‍ക്കട സ്വദേശി സംജിത ( 28 ) തൂങ്ങി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. പാലോട് സ്വദേശി ബിജു ടൈറ്റസി (29) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ എട്ടാം തീയതിയാണ് നവവധു നെടുമങ്ങാട് വാടക വീട്ടില്‍ ഫാനില്‍ ഷാള്‍ കുരുക്കി തുങ്ങി മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു ദാരുണസംഭവം.നാലുമാസം മുന്‍പായിരുന്നു ബിജുവിന്റെയും സംജിതയുടെയും വിവാഹം.

സംജിത പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു. ബിജു കണ്‍സ്ട്രഷന്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് പിന്നാലെ ഇരുവരും തമ്മില്‍ ചെറിയ വഴക്ക് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംജിത പിണങ്ങി സ്വന്തം വീട്ടില്‍ പോയി നില്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ആറാം തീയതി ബിജു പോയി സംജിതയെ തിരികെ വിളിച്ച് കൊണ്ടുവരികയായിരുന്നു.

also read- കവിയും ഗാനരചയിതാവുമായ കബിലന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയില്‍

തിരികെ വീട്ടിലെത്തിയ സംജിതയും ബിജുവിന്റെ അമ്മയും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു ബിജു സംജിതയെ അടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുനില വീട്ടിന്റെ മുകളിലെ റൂമില്‍ സംജിത തൂങ്ങിമരിക്കുകയായിരുന്നു. ഇത് കണ്ട ബിജു ഉടന്‍ തന്നെ സംജിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുകളുടെ പരാതിയിന്മേല്‍ ബിജുവിനെ ഇന്നലെ രാത്രി പാലോട് കുടുംബ വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്കല്ല മരണകാരണമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

Exit mobile version