അപകടകരമായ രീതിയില്‍ ബസ് ഓടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമം; സ്വകാര്യ ബസ് തടഞ്ഞിട്ട് താരമായി സ്‌കൂട്ടര്‍ യാത്രക്കാരി സാന്ദ്ര

പാലക്കാട്: കൂറ്റനാടിന് സമീപം പെരുമണ്ണൂരില്‍ അപകടകരമായ രീതിയില്‍ സ്വകാര്യബസ് ഓവര്‍ടേക്ക് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് താരമായി സ്‌കൂട്ടര്‍ യാത്രിക. യുവതി ബസ് തടഞ്ഞിട്ടാണ് സാന്ദ്ര എന്ന യുവതി പ്രതിഷേധിച്ചത്.

പാലക്കാട്-ഗുരുവായൂര്‍ റൂട്ടിലോടുന്ന ‘രാജപ്രഭ’ ബസിനെതിരേയായിരുന്നു യുവതിയുടെ പ്രതിഷേധം. ബസ് തന്റെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാന്‍ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി. നാല് തവണയോളം തനിക്ക് ബസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് യുവതിയുടെ പരാതി.

പിന്നീട് ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

also read- കുഞ്ഞിനെ ഭര്‍തൃവീട്ടുകാര്‍ പരിഗണിക്കുന്നില്ല; നിരന്തരം അവഗണന; യുവതിയെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണീരൊഴിയാതെ വീട്ടുകാര്‍

അപകടത്തില്‍നിന്ന് തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് സാന്ദ്ര പറയുന്നത്. ബസ് തടഞ്ഞ് സംസാരിക്കുന്നതിനിടെ ബസ് ഡ്രൈവറുടെ ചെവിയില്‍ ഇയര്‍ഫോണ്‍ ഉണ്ടായിരുന്നതായും അവഗണനയോടെയാണ് പ്രതികരിച്ചതെന്നും യുവതി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

Exit mobile version