‘ബാഗിൽ ബോംബ് വെച്ചിരിക്കുകയാണോ’; മദ്യലഹരിയിൽ വിമാനത്താവളത്തിൽ വെച്ച് മാസ് ഡയലോഗ് അടിച്ച് യാത്രക്കാരൻ; പിടികൂടി പോലീസിൽ ഏൽപ്പിച്ച് ജീവനക്കാർ

തിരുവനന്തപുരം: മുംബൈയിലേക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരൻ തന്റെ നാക്കുപിഴ കൊണ്ട് പോലീസ് സ്‌റ്റേഷനിൽ എത്തിയിരിക്കുകയാണ്. മദ്യലഹരിയിൽ ‘ഞാനെന്താ ബാഗിൽ ബോംബ് വെച്ചിരിക്കുകയാണോ’ എന്ന യാത്രക്കാരന്റെ ചോദ്യമാണ് അദ്ദേഹത്തെ കുരുക്കിയത്. തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയാണ് സംഭവം.

യാത്രക്കാരന്റെ ചോദ്യത്തെ തുടർന്ന് ജീവനക്കാർ ഇയാളെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് വലിയതുറ പോലീസിന് കൈമാറുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശിയാണ് പോലീസ് പിടിയിലായത്. സിഐഎസ്എഫ് കമാൻഡോകൾ യാത്രക്കാരനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ALSO READ- പുഷ്പ 2 ബഡ്ജറ്റ് 350 കോടി; 90 കോടിയും ലാഭവിഹിതവും അല്ലു അർജുന്; സംവിധായകന് 40 കോടി പ്രതിഫലം

മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയതാണ് ഇയാൾ. ചെക്ക്-ഇൻ-കൗണ്ടറിൽ വെച്ച് ജീവനക്കാരൻ ബാഗിൽ എന്തൊക്കെയുണ്ടെന്ന് പറയാൻ ആവശ്യപ്പെട്ടപ്പോഴാണ് പ്രകോപിതനായി ഇദ്ദേഹം താൻ ബാഗിൽ ബോംബ് വെച്ചിരിക്കുകയാണോ എന്ന് തിരിച്ചടിച്ചത്.

എന്നാൽ ഇക്കാര്യം നിസാരമായി എടുക്കാതെ കൗണ്ടറിലെ ജീവനക്കാരൻ വിവരം ടെർമിനൽ മാനേജരെ അറിയിച്ചു. എന്നാൽ പരിശോധനയിൽ വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് സിഐഎസ്എഫ് അധികൃതർ കണ്ടെത്തി. എങ്കിലും പ്രശ്‌നക്കാരനെന്ന് കണ്ടതോടെ ഇയാളെ വലിയതുറ പോലീസിന് കൈമാറി. ബോംബ് ഭീഷണിയെത്തുടർന്ന് വിമാനത്തിനുള്ളിൽ വീണ്ടും സുരക്ഷാപരിശോധന നടത്തി. ഇതേതുടർന്ന് വിമാനം വൈകി രാത്രി 8.45നാണ് പുറപ്പെട്ടത്.

Exit mobile version