‘ഉഷ ജോര്‍ജ് കൊന്ത ചൊല്ലിയത് വെറുതെ ആയില്ല, ആദ്യ വിക്കറ്റ് വീണു’: വൈറലായി പിസി ജോര്‍ജിന്റെ ഭാര്യയുടെ കമന്റ്

കോട്ടയം: മന്ത്രി സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വച്ചതിന് പിന്നാലെ സോഷ്യല്‍ ലോകത്ത് വൈറലായി പിസി ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിന്റെ ‘കൊന്ത’ പരാമര്‍ശം.

എന്റെ കൈയില്‍ കൊന്തയുണ്ടെങ്കില്‍ അയാള്‍ അനുഭവിക്കു’മെന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമര്‍ശമാണ് സൈബര്‍ കോണ്‍ഗ്രസ് ആയുധമാക്കിയിരിക്കുന്നത്.

ഉഷയുടെ വാക്ക് ശാപവാക്കായി എന്ന രീതിയിലാണ് സോഷ്യല്‍മീഡിയയിലെ കോണ്‍ഗ്രസ് അനുഭാവികള്‍ ട്രോള്‍ ആഘോഷമാക്കുന്നത്.

”ഉഷ ജോര്‍ജ് കൊന്ത ചൊല്ലിയത് വെറുതെ ആയില്ല, ആഴ്ചയൊന്ന് തികയുന്ന മുന്നേ ആദ്യ വിക്കറ്റ് വീണു”,

”കൊന്ത പ്രവര്‍ത്തിച്ചു, വിക്കറ്റ് വീണു”,

”ഉഷേച്ചിയുടേത് ഒന്നൊന്നരം കൊന്ത ശാപം, നാലാം ദിവസത്തില്‍ ഫലിച്ചു..” തുടങ്ങിയാണ് പരിഹാസ ട്രോളുകള്‍.

മാത്രമല്ല, പിസി ജോര്‍ജിനെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പേജുകളും ‘കൊന്ത ശാപ’ പരാമര്‍ശം ഏറ്റെടുത്തിട്ടുണ്ട്.

പീഡനക്കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്ന ഉഷാ ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലാന്‍ ആഗ്രഹമുണ്ടെന്നും കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചിരുന്നു.

പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു പിസി ജോര്‍ജിന്റെ കുടുംബത്തിന്റെ പ്രതികരണം. ”ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എന്റെയീ കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലില്‍ ഇടാമോ.” എന്നായിരുന്നു ഉഷ ജോര്‍ജ്ജ് പറഞ്ഞിരുന്നത്.

ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശം നടത്തിയാണ് മന്ത്രി സജി ചെറിയാന്‍ രാജിവെച്ചത്. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നു. അതില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതിയായ ദുഖമുണ്ടെന്നും സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ എട്ടാംക്ലാസ് മുതല്‍ ഭരണഘടനയെ മാനിക്കുന്നുണ്ടെന്നും ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version