ബിഷപ്പുമാരുടെ പിന്തുണ അനിൽ ആന്റണിക്ക് ഉണ്ടാകില്ല; പാർട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്ന് അറിയിക്കും; മറ്റൊരു മണ്ഡലത്തിലേക്കില്ല: പിസി ജോർജ്

കോട്ടയം: പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുന്ന അനിൽ ആന്റണിക്ക് ബിഷപ്പുമാരുടെ പിന്തുണ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ബിജെപി നേതാവ് പിസി ജോർജ്. അവരുടെ പിന്തുണ ഏത് രീതിയിൽ ഉണ്ടാക്കിയെടുക്കാമെന്ന് പരിശോധിക്കുമെന്നും പിസി ജോർജ് പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി വീട്ടിലെത്തി പിസി ജോർജിനെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് കള്ളം പറഞ്ഞ് ശീലമില്ല. താനും ബിഷപ്പുമാരും തമ്മിൽ ഒരു ക്രിസ്ത്യൻ എന്ന രീതിയിലുള്ള ബന്ധമായിരുന്നു. ഇക്കാര്യത്തിൽ ചെറിയ ഒരു തടസ്സമുണ്ടായിട്ടുണ്ട്. ഈ തടസ്സം എങ്ങിനെ മാറ്റിയെടുക്കാനാകുമെന്ന് തീർച്ചയായും പരിശോധിക്കുമെന്നാണ് പിസി ജോർജ് പറയുന്നത്.

സഭാ നേതൃത്വവുമായി സംസാരിക്കും. ബിഷപ്പുമാരെ നേരിട്ട് പോയി കാണും. കാസായുടെ ഭാരവാഹിയുമായും സംസാരിക്കും. ഇന്ന് അവരുമായി സംസാരിക്കാൻ സാധിച്ചില്ല. അവർക്ക് താൻ സ്ഥാനാർത്ഥിയായെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. പാർട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്ന് താൻ ആവശ്യപ്പെടുമെന്നും പിസി ജോർജ് പറഞ്ഞു.

also read- താൻ അർബുദ ബാധിതൻ; ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസമാണ് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

മണ്ഡലത്തിൽ അനിലിനെ താൻ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പിസി ജോർജ് മുൻവാക്കുകളെ തിരുത്തികൊണ്ട് പറഞ്ഞു. താൻ പോകേണ്ടിടത്ത് താൻ പോകും. പ്രവർത്തകർ പോകേണ്ടിടത്ത് അവർ പോകും. ഇനി മറ്റൊരു മണ്ഡലത്തിൽ മത്സരിക്കില്ല. പത്തനംതിട്ട അല്ലാതെ ഒരു സ്ഥലത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാൻ താൻ തയ്യാറല്ല എന്നും പിസി ജോർജ് വ്യക്തമാക്കി.

Exit mobile version