താൻ അർബുദ ബാധിതൻ; ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസമാണ് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

തിരുവനന്തപുരം: താൻ അർബുദബാധിതനാണെന്നും ചികിത്സ തുടരുകയാണെന്നും തുറന്നുപറഞ്ഞ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ അതേ ദിവസമാണ് തനിക്ക് അർബുദം സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

അന്നേ ദിവസം സ്‌കാനിങ്ങിൽ വയറ്റിലാണ് കാൻസർ ബാധയെന്നാണ് കണ്ടെത്തിയത്. കാൻസർ രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കും പിന്നീട് കീമോതെറാപ്പിക്കും വിധേയനായി. പൂർണമായ രോഗമുക്തി സാധ്യമാണോ എന്നത് നിശ്ചയമില്ലെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എസ് സോമനാഥ് തുറന്നുപറഞ്ഞു.

ചാന്ദ്രയാൻ -3 ദൗത്യം നടക്കുന്ന സമയത്താണ് തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ആ ഘട്ടത്തിൽ ചികിത്സയും പരിശോധനയും ഉണ്ടായിരുന്നുവെങ്കിലും അത് കാൻസർ ആണെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് ആദിത്യ-എൽ1 വിക്ഷേപിച്ച അന്നാണ് കാൻസർ ആണെന്ന് സ്ഥിരീകരിക്കുന്നത്. അത് തനിക്കും കുടുംബത്തിനും വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

also read- കലോത്സവത്തിന് ‘ഇൻതിഫാദ’ വേണ്ട; പോസ്റ്റർ-ബാനറുകളിൽ നിന്നും പേര് ഒഴിവാക്കണമെന്ന് കേരള സർവകലാശാല വിസി; ഭീകരസംഘടനകൾ ഉപയോഗിക്കുന്നതെന്ന് പരാതി

കീമോ തെറാപ്പി ചെയ്തു. പരിശോധനകൾ നിരന്തരം നടത്തിവരികയാണ്. ആശുപത്രിയിലെ മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ജോലിയിലേക്ക് തിരികെ എത്തി. ഇസ്രോ ചെയർമാനെന്ന നിലയിൽ താൻ തന്റെ ജോലികൾ തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. 2023 സെപ്തംബർ 2-നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്.

Exit mobile version